പുരാണകഥ പോലെയാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ തെക്കുപടിഞ്ഞാറന്‍ ഗ്രാമമായ സലിനാസില. പന്ത്രണ്ടാം വയസില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളായി മാറുന്ന ഗ്രാമം. ജനിക്കുന്നത് പെണ്ണായിട്ടാണെങ്കിലും 12 വയസ്സാകുമ്പോഴേക്കും അവര്‍ ആണ്‍കുട്ടികളാകും.
അവിടെ ജനിക്കുന്ന തൊണ്ണൂറില്‍ ഒരു കുട്ടിക്ക് എന്ന കണക്കിലാണ് ഈ അവസ്ഥ. ജനിതക തകരാറാണ് ഇതിനു കാരണമെന്ന് 1970കളില്‍ത്തന്നെ തിരിച്ചറിഞ്ഞെങ്കിലും എന്തുകൊണ്ടാണ് അത് സലിനാസിനെ കേന്ദ്രീകരിച്ച് മാത്രം സംഭവിക്കുന്നതെന്ന് ഇന്നും അജ്ഞാതമായി തുടരുന്നു. ജനിച്ച് ആണായി മാറിയവരെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ഇപ്പോള്‍ വൈദ്യശാസ്ത്രലോകത്തെ സംസാരവിഷയമാണ്. അടുത്തിടെ ബിബിസി ‘കൗണ്ട് ഡൗണ്‍ ടു ലൈഫ്’ എന്ന സീരീസില്‍പ്പെടുത്തി പുറത്തിറക്കിയ ഡോക്യുമെന്ററിയാണ് സലിനാസിനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഈ ദുരൂഹ സംഭവങ്ങള്‍ പതിറ്റാണ്ടുകളായി നടക്കുന്നുണ്ട്.
സര്‍വകലാശാല പ്രഫസറായ ഡോ.ജൂലിയാന് ഇംപെരാറ്റോ ആണ് 1970കളില്‍ ഇക്കാര്യം ആദ്യമായി കണ്ടെത്തുന്നത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഒരു വിദൂരഗ്രാമത്തെപ്പറ്റി കേട്ട ഗോസിപ്പുകളായിരുന്നു അവിടേക്ക് അന്വേഷണവുമായെത്താന് ജൂലിയാനെ പ്രേരിപ്പിച്ചത്. അദ്ദേഹം അതിനെപ്പറ്റി വിശദമായി പഠിക്കുകയും ചെയ്തു. പാപ്പുവ ന്യൂഗിനിയയിലും ഇത്തരത്തിലുള്ള പ്രശ്നം കണ്ടെത്തിയിരുന്നു. പക്ഷേ അവിടെ ജനിക്കുമ്പോള്‍ തന്നെ അത്തരം കുട്ടികളെ ഒഴിവാക്കുന്നതായിരുന്നു രീതി. എന്നാല്‍ സലിനാസിലുള്ളവര്‍ തങ്ങളുടെ കുട്ടികളെ നല്ലപോലെത്തന്നെ വളര്‍ത്തി. എന്താണ് ഇത്തരത്തിലുള്ള കുട്ടികളുണ്ടാകാന്‍ കാരണമെന്ന് ആദ്യമായി അവിടുത്തുകാര്‍ക്ക് വിശദീകരിച്ചു കൊടുത്തതും ജൂലിയാനായിരുന്നു. മറ്റിടങ്ങളില്‍ നിന്നെല്ലാം മാറി ഏകദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ് സലിനാസ് ഗ്രാമത്തിന്റെ കിടപ്പ്. അതുകൊണ്ടുതന്നെ പുറംലോകവുമായി കാര്യമായ ബന്ധവുമില്ല. സ്വാഭാവികമായും ഈ ജനിതക തകരാര്‍ ആ ഗ്രാമങ്ങളിലുള്ളവരിലൂടെ തന്നെ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നു.
ഗ്രാമത്തിലുള്ളവരാകട്ടെ മക്കളെ പെണ്‍കുട്ടികളെപ്പോലെ വസ്ത്രം ധരിപ്പിക്കുകയും മുടി വളര്‍ത്തുകയും ചെയ്യിക്കും. പക്ഷേ ആണ്‍കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാനായിരിക്കും ഇവര്‍ക്ക് ഏറെ താല്പര്യം. ഇത്തരം കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതോടെ, അതായത് ഏകദേശം 10-12 വയസ്സാകുന്നതോടെ, വളര്‍ച്ചയുടെ അടുത്തഘട്ടം സംഭവിക്കും. ആണ് ലൈംഗികാവയവങ്ങള്‍ രൂപം കൊള്ളുകയും അതുവരെ പെണ് ശബ്ദമായിരുന്നതെല്ലാം ആണ്‍ശബ്ദത്തിന്റെ ഗാംഭീര്യതയിലേക്ക് മാറുകയും പേശികള്‍ ശക്തമാവുകയും മീശ വളരുകയുമൊക്കെ ചെയ്യും. കുട്ടികള്‍ക്ക് ഗര്‍ഭപാത്രത്തില്‍ വച്ച് സംഭവിക്കേണ്ട മാറ്റം 12 വര്‍ഷത്തിനു ശേഷം പുറത്തുവച്ച് സംഭവിക്കുന്നുള്ളൂവെന്നു ചുരുക്കം. ചിലര്‍ക്ക് ഏഴ്, എട്ട് വയസ് ആകുമ്പോഴേക്കും ഇങ്ങനെ സംഭവിക്കാറുണ്ട്. അതോടെ അതുവരെ പെണ്ണായിരുന്നവര്‍ സകലരെയും ഞെട്ടിച്ചു കൊണ്ട് ആണാകും. പക്ഷേ സലിനാസില്‍ ഇപ്പോഴിതൊരു അദ്ഭുതമേയല്ല.
ഒരു പ്രത്യേകതരം എന്‍സൈമിന്റെ അഭാവമായിരുന്നു ഇവിടെ വില്ലനായത്. ആദ്യഘട്ടത്തില്‍ സലിനാസിലെ ഡോക്ടര്‍മാര്‍ക്കു പോലും ഇക്കാര്യം കണ്ടെത്താനായിരുന്നില്ല. ആദ്യം പെണ്ണ്, പിന്നെ ആണാകുന്നവര്‍ എന്ന അര്‍ഥത്തില്‍ machihembrsa എന്നാണ് പ്രാദേശികമായുള്ള ഇവരുടെ വിളിപ്പേര്. 12ാം വയസ്സില്‍ പുരുഷ ലൈംഗികാവയവം വരുന്നവന് എന്ന അര്‍ഥത്തില്‍ Guevedoce എന്നുമുണ്ട് പേര്. ചിലര്‍ക്ക് ആണായി മാറിയതിനു ശേഷവും പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരാറുണ്ട്. മീശയോ താടിയോ മുളയ്ക്കില്ലെന്നതാണ് പ്രധാന പ്രശ്നം. അതേസമയം മറ്റുചിലരാകട്ടെ അച്ഛനമ്മമാരിട്ട പേരു പോലും മാറ്റാന്‍ ശ്രമിക്കാറില്ല. അതുകൊണ്ടുതന്നെ കാതറിന്, കാര്‍ല എന്നൊക്കെപ്പേരുള്ള ആണ്‍കുട്ടികളെയും ഈ ഗ്രാമത്തില്‍ കാണാം. പലരും പറയുന്നത് ആണ്‍കുട്ടികളാകുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന കളിയാക്കലുകളും മറ്റും ചിലപ്പോഴൊക്കെ സഹിക്കാന്‍ പറ്റാത്തവിധമാണെന്നാണ്.
Discussion about this post