ഡല്‍ഹി: ആറു പതിറ്റാണ്ടുമുമ്പ് വ്യോമസേനയുടെ ഭാഗമായ ആവ്‌റോസ് വിമാനങ്ങള്‍ക്കു പകരം ഇന്ത്യന്‍ വ്യോമസേനയ്ക്ക് 56 പുതിയ എയര്‍ബസ് യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 56 സി-295എംഡബ്ല്യു യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ സ്‌പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പെയിസുമായുള്ള കരാറിനാണ് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അനുമതി നല്‍കിയത്.
20,000 കോടി മുതൽ 21,000 കോടി രൂപ വരെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഇത് വിനിമയ നിരക്കിനെ ആശ്രയിച്ചിരിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. കരാർ ഒപ്പിട്ടു 48 മാസങ്ങൾക്കകം 56 വിമാനങ്ങളിൽ 16 എണ്ണം സ്പെയിനിൽ പൂർണമായും തയാറാക്കി നൽകും. ശേഷിക്കുന്ന 40 എണ്ണം 10 വർഷത്തിനുള്ളിൽ ടാറ്റാ കൺസോർഷ്യം ഇന്ത്യയിൽ നിർമിച്ചു നൽകും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 5 മുതൽ 10 ടൺ വരെ സംഭരണശേഷിയുള്ള യാത്രാ വിമാനങ്ങളാണ് സി–295 വിമാനങ്ങൾ.
ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സ്വകാര്യ കമ്പനി സൈനിക വിമാനങ്ങള്‍ നിര്‍മിക്കുന്നത്. വ്യോമസേനയുടെ ഭാഗമാകുന്ന 56 സി-295എംഡബ്ല്യു വിമാനങ്ങളിലും ആധുനിക ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ ഒരുക്കും.
രാജ്യത്തു വ്യോമയാന സംബന്ധമായ ഒട്ടേറെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഉതകുന്നതാണു പദ്ധതി എന്നാണു കരുതുന്നത്. പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇത് ഊർജം പകരുമെന്നും കേന്ദ്ര സർക്കാർ വാർത്താ കുറിപ്പിൽ അറിയിച്ചു.
സ്പെയിനു പുറമേ ഈജിപ്ത്, പോളണ്ട്, കാനഡ, ബ്രസീൽ, മെക്സിക്കോ, പോർച്ചുഗൽ എന്നിവ നിലവിൽ സി– 295 വിമാനം ഉപയോഗിക്കുന്നുണ്ട്. അടുത്ത 20 വർഷത്തിനുള്ളിൽ വ്യോമസേനയ്ക്ക് 350 വിമാനങ്ങൾ ലഭിക്കുമെന്നു സേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ പറഞ്ഞു.












