മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സർക്കാർ ഹിന്ദു വിരുദ്ധമാണെന്ന് കേന്ദ്ര മന്ത്രി നാരായൺ റാണെ. ഉത്സവങ്ങളുടെ കാലത്ത് സർക്കാർ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. ഇത് ഹിന്ദു വിരുദ്ധമാണെന്ന് നാരായൺ റാണെ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഹൈന്ദവ ആഘോഷങ്ങൾക്ക് മാത്രമാണ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. മറ്റ് മതസ്ഥരുടെ ആഘോഷങ്ങൾക്ക് ഒരു നിയന്ത്രണങ്ങളുമില്ല. ശിവസേന ഹിന്ദുത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ബിജെപിയുമായി വേർപിരിഞ്ഞ ദിവസം അവർക്ക് ഹിന്ദുത്വം നഷ്ടമായെന്നും റാണെ പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗണേശോത്സവത്തിന് ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ മഹാരാഷ്ട്ര സർക്കാർ സെപ്റ്റംബർ 10 മുതൽ 19 വരെ മുംബൈ നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. നിരോധനാജ്ഞ പ്രകാരം ഗണേശ ചതുർത്ഥി ഘോഷയാത്രയിൽ അഞ്ച് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. ഭക്തർ ഗണേശ മണ്ഡപങ്ങൾ സന്ദർശിക്കരുതെന്നും ദർശനം ഓൺലൈനായി നടത്തണമെന്നും മുംബൈ പൊലീസ് സർക്കുലർ ഇറക്കിയതും വിവാദമായിരുന്നു.
Discussion about this post