ലഖ്‌നൗ: ഉത്തര്‍ പ്രദേശ് സമാജ് വാദി പാര്‍ട്ടി എം.പി. അസം ഖാന്‍ അധ്യക്ഷനായ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ 70.05 ഹെക്ടര്‍ ഏകദേശം 173 ഏക്കര്‍ (70.05 ഹെക്ടര്‍) ഭൂമി ജില്ലാ ഭരണകൂടം തിരിച്ചുപിടിച്ചു. രാംപുര്‍ ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി.
സര്‍വകലാശാലയുടെ ഭൂമി തിരിച്ചുപിടിക്കരുതെന്ന ഹര്‍ജി തിങ്കളാഴ്ച അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ജില്ലാ ഭരണകൂടം തുടര്‍ നടപടികളിലേക്ക് നീങ്ങിയത്. ജൗഹര്‍ സര്‍വകലാശാലയുടെ 70 ഹെക്ടറില്‍ അധികം ഭൂമി രാപുര്‍ ജില്ലാ ഭരണകൂടം തിരിച്ചുപിടിച്ചെന്നും ഭൂമി തിരിച്ചുപിടിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നെന്നും സദര്‍ തഹസില്‍ദാര്‍ പ്രമോദ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
2005-ലാണ് സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. എന്നാല്‍ ചില നിബന്ധനകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിരവധി കേസുകളില്‍ കുറ്റാരോപിതനായ അസം ഖാനും മകന്‍ അബ്ദുള്ള ഖാനും സീതാപുര്‍ ജില്ലാ ജയിലിലാണുള്ളത്. മൗലാന മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റാണ് സര്‍വകലാശാലയുടെ നടത്തിപ്പുകാര്‍. അസം ഖാന്റെ ഭാര്യ തന്‍സീന്‍ ഫാത്തിമയാണ് ട്രസ്റ്റിന്റെ സെക്രട്ടറി.
Discussion about this post