കൊല്ലം: മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്. ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് നിര്‍ദ്ദേശം. ക്രമക്കേടില്‍ മുന്‍ ജീവനക്കാര്‍ക്കുള്ള പങ്കും അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടേതാണ് ഉത്തരവ്.
മയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഗുരുതര സാമ്പത്തിക തട്ടിപ്പുകളെന്നാണ് പരാതി. ബാങ്ക് സെക്രട്ടറി രാധാകൃഷ്ണന് ബിനാമികളുടെ പേരില്‍ ഒരു കോടിയിലേറെ രൂപ വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടക്കിയെന്നാരോപിച്ച് സഹകരണ മന്ത്രിക്കും രജിസ്ട്രാര്‍ക്കും മുന്നില്‍ പരാതി എത്തി.
വെറും അഞ്ചുലക്ഷം രൂപയ്ക്ക് രാധാകൃഷ്ണന് വാങ്ങിയ ഭൂമി ഭാര്യയുടെയും മരുമകനായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെയും പേരിലേക്ക് മാറ്റിയായിരുന്നു ആദ്യ തട്ടിപ്പ്. അഞ്ചുലക്ഷം രൂപയുടെ ഭൂമി ഈട് വച്ച് 30 ലക്ഷം രൂപ ഭാര്യയുടെയും മരുമകന്റെയും പേരില്‍ വായ്പ നല്‍കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
Discussion about this post