ഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വികസനം സാധ്യമല്ലാത്തതിനാൽ വലിയ വിമാനങ്ങളിറങ്ങാൻ പുതിയ വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്തണമെന്ന് സംസ്ഥാനത്തോട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എ.എ.ഐ.). റൺവേ വികസനം ചെലവേറിയതിനാലാണിത്. വലിയ വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും നീളംകൂടിയ റൺവേകൾ ആവശ്യമാണ്.
കോഴിക്കോട്ട് 2700 മീറ്റർ മാത്രമാണ് നീളം. ഇത് കൂട്ടുന്നതിന് പദ്ധതി തയ്യാറാക്കിയ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.) കേരള സർക്കാരിനോട് 485 ഏക്കർ ഏറ്റെടുത്തു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇതിന് ഭരണപരമായ അനുമതി ആദ്യം നൽകിയെങ്കിലും പിന്നീട് സ്ഥലം ചുരുക്കണമെന്നാവശ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ 152.5 ഏക്കറാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളതെന്നും അതും ഏറ്റെടുത്ത് കിട്ടിയിട്ടില്ലെന്നും ഉദ്യോഗസ്ഥവൃത്തങ്ങൾ പറഞ്ഞു. ഇക്കാരണത്താൽ റൺവേ വികസനം സാധ്യമല്ലെന്നാണ് എയർപോർട്ട് അതോറിറ്റി മന്ത്രാലയത്തെ അറിയിച്ചിട്ടുള്ളത്.
വലിയ വിമാനങ്ങളിറങ്ങുന്ന കാര്യത്തിലെ തീരുമാനം കരിപ്പൂർ വിമാനദുരന്തത്തെക്കുറിച്ചു പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വിശദമായി അവലോകനം ചെയ്തശേഷം മതിയെന്ന് വ്യോമയാന മന്ത്രാലയവും വ്യക്തമാക്കി. റിപ്പോർട്ട് പഠിക്കാനും വിമാനത്താവളത്തിലെ ന്യൂനതകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും മന്ത്രാലയം വ്യോമയാന സെക്രട്ടറി പ്രദീപ് കുമാർ ഖരോല അധ്യക്ഷനായി ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു. രണ്ടു മാസത്തിനുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽമാത്രം വലിയ വിമാനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
വിദഗ്ധ സമിതി റിപ്പോർട്ടിൽ പൈലറ്റിന്റെ പാളിച്ചയാണ് അപകടത്തിനു പ്രധാന കാരണമെന്നു പറയുന്നുണ്ടെങ്കിലും റൺവേയുടെ വീതിയും നീളവും ഉൾപ്പെടെയുള്ളവ വലിയ വിമാനങ്ങൾക്കിറങ്ങാൻ പറ്റിയതല്ല എന്ന സൂചനയുണ്ട്. അതിനാൽ റിപ്പോർട്ട് മറികടന്നുള്ള തീരുമാനം ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.
Discussion about this post