അഹമ്മദാബാദ്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയ ശേഷം ഇന്ത്യയിലേക്ക് കോടികളുടെ മയക്കുമരുന്ന് പൊടുന്നനെ ഒഴുകി തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 20,000 കോടി രൂപയുടെ 3,000 കിലോ ഹെറോയിന്‍ പിടിച്ചെടുത്തോടെയാണ് അധികൃതർ ഇക്കാര്യം വിലയിരുത്തുന്നത്. ഇറാനിലെ തുറമുഖത്തു നിന്നാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹെറോയിന്‍ ഗുജറാത്തിലേക്ക് അയച്ചത്.
വന്‍തോതില്‍ ഹെറോയിന്‍ ഇന്ത്യയിലേക്ക് കടത്താന്‍ മയക്കുമരുന്ന് മാഫിയ പരിശ്രമിക്കുന്നതായാണ് ആന്റി ഡ്രഗ് സ്‌ക്വാഡുകളും, സുരക്ഷാ ഉദ്യോഗസ്ഥരും കരുതുന്നത്. ഇറാന്‍ വഴി സമുദ്രമാര്‍ഗമാണ് കള്ളക്കടത്തുകാര്‍ മയക്ക് മരുന്ന് എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും, ഡിആര്‍ഐയും, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥിരീകരിച്ചു.
പുതിയ ഭരണത്തില്‍, തങ്ങള്‍ അഫ്ഗാനിസ്ഥാനെ മയക്കുമരുന്ന് മുക്തമാക്കുമെന്ന് താലിബാന്‍ പുറമേ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ ഹെറോയിന്‍ ശേഖരം താലിബാന്‍ പിടിച്ചെടുക്കുമെന്നാണ് മയക്കുമരുന്ന് മാഫിയ ആശങ്കപ്പെടുന്നത്. ധനനഷ്ടത്തിന് പുറമേ പിടിയിലായാല്‍ തങ്ങളെ താലിബാന്‍ തൂക്കിക്കൊല്ലുമെന്നും അവര്‍ക്ക് ഭയമുണ്ട്. ഇതൊക്കെയാണ് അതിവേഗം ഇന്ത്യയിലേക്ക് ചരക്ക് മാറ്റാന്‍ അവരെ പ്രേരിപ്പിക്കുന്നത്. മുന്ദ്ര തുറമുഖത്ത് പിടിച്ച 3000 കിലോ ഹെറോയിന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ കറുപ്പ് ഹെറോയിന്‍ ആക്കാനുള്ള ലാബുകള്‍ ഉണ്ടെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പറയുന്നു.
ഇത്രയും വലിയ അളവില്‍ ഹെറോയിന്‍ കടത്തുന്നത് തന്നെ എത്രയും വേഗം ചരക്ക് വിറ്റഴിക്കാനുള്ള അവരുടെ തത്രപ്പാടാണ് കാണിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം, കറുപ്പ് ചെടിയുടെ വിളവെടുപ്പ്, രണ്ട് വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനില്‍, 12,000 തൊഴിലുകള്‍ വരെ സൃഷ്ടിച്ചിരുന്നു. താലിബാന്റെ വാര്‍ഷിക വരുമാനത്തില്‍ 60 ശതമാനവും മയക്കുമരുന്ന് വ്യപാരമാണ്.
ആന്ധ്രയിലെ വിജയവാഡ കേന്ദ്രമാക്കിയ ഒരു തട്ടിപ്പ് കമ്പനിയാണ് 20,900 കോടിയുടെ അഫ്ഗാന്‍ ഹെറോയിന്‍ എത്തിക്കാന്‍ മറയാക്കിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസമാണ് മുദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്‌നറുകളില്‍ ടാല്‍കം പൗഡറാണെന്ന വ്യാജേനയെത്തിച്ച ലഹരിമരുന്ന് പിടികൂടിയത്. ഒരു കണ്ടെയ്‌നറില്‍നിന്ന് 2000 കിലോ ഹെറോയിനും മറ്റൊരു കണ്ടെയ്‌നറില്‍നിന്ന് 1000 കിലോ ഹെറോയിനുമാണ് കണ്ടെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, ഗാന്ധിധാം, മാണ്ഡവി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ഡി.ആര്‍.ഐ. റെയ്ഡ് നടത്തിയിരുന്നു. ലഹരിമരുന്ന് കടത്തില്‍ അഫ്ഗാന്‍ പൗരന്മാര്‍ക്ക് പങ്കുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ അഫ്ഗാനിസ്ഥാനെ മയക്കുമരുന്ന് മുക്തമാക്കും എന്ന് താലിബാന്‍ അവകാശപ്പെടുമ്പോഴും, അവരുടെ മുഖ്യവരുമാനമാര്‍ഗ്ഗമാണ് കറുപ്പിന്റെ ഉത്പാദനം.
മലയാളത്തില്‍ കറുപ്പ് എന്നും ഇംഗ്ലീഷില്‍ ഓപ്പിയം എന്നും ഉര്‍ദുവില്‍ അഫീം എന്നും പറയുന്ന വസ്തു, കുപ്രസിദ്ധമായ ഒരു ലഹരിപദാര്‍ത്ഥമാണ്. ഇതേ ചെടിയില്‍ നിന്നാണ് നമ്മള്‍ പാചകത്തിനുപയോഗിക്കുന്ന കസ്‌കസ് എന്നുപറയുന്ന സാധനം കിട്ടുന്നത്. ഈ ചെടിയുടെ വിത്താണ് കസ്‌കസ്. ഇതേ ചെടിയുടെ പൂക്കള്‍ കൊഴിഞ്ഞു വീണശേഷം ബാക്കി നില്‍ക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടില്‍ നിന്ന് ശേഖരിക്കുന്ന കറയില്‍ നിന്നാണ് കറുപ്പ് എന്ന ലഹരി വേര്‍തിരിച്ചെടുക്കുന്നത്. ഇതില്‍ നിന്ന് ഹെറോയിന്‍ ഉണ്ടാക്കുന്നു.
ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാന്‍ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാന്‍ തങ്ങളുടെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ടിങ് കണ്ടെത്തിയിരുന്നത്. ഓപ്പിയം സിറപ്പിന്റെയും ഹെറോയിന്റെയും നിര്‍മ്മാണം തടയാന്‍ വേണ്ടി പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധത്തിലൂടെ അമേരിക്ക ചെലവിട്ടിട്ടുള്ളത് എണ്ണൂറു കോടി ഡോളറോളമാണ്. താലിബാനി ഹെറോയിന്‍ കാര്‍ട്ടലുകളുടെ രോമത്തില്‍ പോലും തൊടാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല.
മുമ്പായിരുന്നെങ്കിൽ ഈ വസ്തുക്കളുടെ കടത്ത് കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. കാരണം വലിയ ബാരലുകളില്‍ നിറച്ച് ദ്രാവകരൂപത്തിലായിരുന്നു ഓപ്പിയം സിറപ്പ് കടത്തിയിരുന്നത്. എന്നാല്‍, കാലം മാറി. താലിബാനി ഭീകരവാദികളും അതിനൊത്ത് മാറി. ഇങ്ങനെ മറ്റുരാജ്യങ്ങള്‍ക്ക് ഓപ്പിയം സിറപ്പ് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്നതില്‍ ലാഭം കുറവാണ് എന്ന സത്യം അവര്‍ തിരിച്ചറിഞ്ഞു. ഒപ്പം അതിലുള്ള റിസ്‌കും. ഇപ്പോള്‍, ഓപ്പിയം സിറപ്പിനെ പ്രോസസ് ചെയ്ത്, അതില്‍ നിന്ന് ഹെറോയിന്‍ എന്ന വിലപിടിപ്പുള്ള മയക്കുമരുന്ന് നിര്‍മ്മിക്കാനുള്ള ഫോര്‍മുല താലിബാന്‍ തീവ്രവാദികള്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. അതോടെ കയറ്റുമതി ചെയ്തിരുന്ന അസംസ്‌കൃത ഓപ്പിയത്തിന്റെ അളവ് പാതിയായി കുറഞ്ഞു. ഒന്നുകില്‍ മോര്‍ഫിന്‍ അല്ലെങ്കില്‍ ഹെറോയിന്‍ ആക്കി അതിനെ മാറ്റി കുറേക്കൂടി എളുപ്പത്തിലാണ് ഇന്ന് താലിബാനി ഭീകരവാദികള്‍ തങ്ങളുടെ ഉത്പന്നം വില്‍ക്കുന്നത്. ഈ സാങ്കേതികവിദ്യ അവര്‍ക്ക് നല്‍കുന്നത് ചുരുങ്ങിയത് അറുപതു ശതമാനമെങ്കിലും കൂടുതല്‍ ലാഭമാണ്.
സാങ്കേതിക വിദ്യയില്‍ താലിബാനികള്‍ നേടിയ മുന്നേറ്റം കാരണം ഇന്ന് അഫ്ഗാനിസ്ഥാനില്‍ ചുരുങ്ങിയത് 400-500 ഹെറോയിന്‍ പ്രോസസിങ് ലാബുകളെങ്കിലുമുണ്ട്. ലാബ് എന്ന് കേള്‍ക്കുമ്പോൾള്‍ നമ്മുടെ മനസ്സിലേക്ക് വരിക വളരെ സങ്കീര്‍ണ്ണമായ ഉപകരണങ്ങള്‍ നിറഞ്ഞ, ടെക്നീഷ്യന്മാര്‍ കോട്ടും മാസ്‌കും ഒക്കെയിട്ട് ടെസ്റ്റ് ട്യൂബുകളിലും, ബ്യൂററ്റുകളിലും ഒക്കെ രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എയര്‍ കണ്ടീഷന്‍ഡ് മുറികളാവും. എന്നാല്‍ താലിബാന്റെ ഹെറോയിന്‍ ലാബുകള്‍ അത്രയ്ക്ക് ഹൈട്ടക്ക് അല്ല. ഒരു കൊച്ചു കുടില്‍, ചായ്‌പ്പ് അതുമല്ലെങ്കില്‍ ഒരു ഗുഹ ഇതിനുള്ളില്‍വെച്ച് ഹെറോയിന്‍ തയ്യാര്‍ ചെയ്‌തെടുക്കാവുന്ന ഉപകരണങ്ങളാണ് ഈ ലാബിലുള്ളത്. മിക്സിംഗിനായി പത്തുപന്ത്രണ്ടു ബാരലുകള്‍. ഓപ്പിയം സിറപ്പില്‍ നിന്ന് ഹെറോയിന്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയക്ക് വേണ്ട ചില രാസവസ്തുക്കള്‍. വാറ്റിയെടുക്കാന്‍ വേണ്ട വിറക്. ഒരു പ്രെസ്സിങ് മെഷീന്‍, ഒരു ജനറേറ്റര്‍, അടുത്തുള്ള കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ ഒരു പമ്പ്. ഇത്രയും ആയാല്‍ ഒരു ഹെറോയിന്‍ ലാബ് തയ്യാറായി. മൂന്നാംലോക രാജ്യങ്ങളിലെ ചാരായം വാറ്റുപോലെയാണിതെന്നാണ് ഇവിടം സന്ദര്‍ശിച്ച ബിബിസി ലേഖകന്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post