കാൻബറ: ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമായി ഇന്ത്യയിൽ നിർമിക്കുന്ന കോവിഷീൽഡ് വാക്സീന് അംഗീകാരം നൽകി ഓസ്ട്രേലിയ. കോവിഷീൽഡ് വാക്സീൻ സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
ഫൈസർ, അസ്ട്രാസെനക, മോഡേണ, ജാൻസെൻ എന്നീ വാക്സീനുകൾക്കു നേരത്തേതന്നെ ഓസ്ട്രേലിയ അംഗീകാരം നൽകിയിരുന്നു. ചൈനയുടെ സിനോവാക് വാക്സീനും കോവിഷീൽഡിനൊപ്പം അംഗീകാരം ലഭിച്ചു. അംഗീകൃത വാക്സീൻ സ്വീകരിച്ച് ഓസ്ട്രേലിയയിൽ എത്തുന്ന യാത്രക്കാർ ഹോട്ടൽ ക്വാറന്റീനിൽ പ്രവേശിക്കേണ്ട, ഹോം ക്വാറന്റീൻ മതിയാകും.
80 ശതമാനത്തിൽ കൂടുതൽ പേർ വാക്സീൻ സ്വീകരിച്ച സംസ്ഥാനങ്ങളുടെ അതിർത്തികൾ അടുത്ത മാസം മുതൽ തുറക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാണെങ്കിലും ആന്റിജൻ പരിശോധന നടത്തിയവർക്കും ഇളവ് നൽകുന്നത് ആലോചനയിലാണ്.












