തിരുവനന്തപുരം: തുടര്‍ച്ചയായി 29 ദിവസം നടന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാത്ത നിലമ്പൂർ എം.എല്‍.എ പി.വി. അന്‍വറിന്റെ അസാന്നിദ്ധ്യം ചര്‍ച്ചയാകുന്നു. ഇപ്പോള്‍ നടക്കുന്ന സമ്മേളനത്തിലും ഇതുവരെ അദ്ദേഹം പങ്കെടുത്തിട്ടില്ല. പുതിയ നിയമസഭയുടെ ഒന്നും രണ്ടും സമ്മേളനങ്ങളിലായി അന്‍വര്‍ പങ്കെടുത്തത് അഞ്ച് ദിവസം മാത്രമാണ്. നിയമസഭാ സമിതി യോഗങ്ങളിലും സബ്ജക്‌ട് കമ്മിറ്റി യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നില്ലെന്നും അവധി അപേക്ഷ നല്‍കിയിട്ടില്ലെന്നും കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആര്‍. പ്രാണകുമാറിന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
തുടര്‍ച്ചയായി അറുപത് ദിവസം സമ്മേളനത്തില്‍ അനധികൃതമായി ഹാജരാകാതിരുന്നാല്‍ ആ അംഗത്തിന്റെ സീറ്റ് ഒഴിവ് വന്നതായി കണക്കാക്കാമെന്ന് ഭരണഘടനയുടെ 190(4) അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, സഭയുടെ അനുമതിയോടെ അംഗത്തിന് അവധിയെടുക്കാം. തന്റെ അസാന്നിദ്ധ്യം രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയായപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഖനന ബിസിനസുമായി ബന്ധപ്പെട്ട് പോയിരിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഈ മാസം നാലിന് ആരംഭിച്ച സഭയുടെ മൂന്നാം സമ്മേളനം ഇപ്പോഴത്തെ ഷെഡ്യൂളനുസരിച്ച് നവംബര്‍ 11 വരെ 23 ദിവസം ചേരുന്നുണ്ട്. വൈകാതെ അന്‍വര്‍ തിരിച്ചെത്തി സഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുള്ള വിവരം.
അതിനിടെ എം എല്‍ എയെ കാണാനില്ലെന്ന വിഷയം മണ്ഡലത്തില്‍ ചൂടേറിയ ചര്‍ച്ചയാണ്. ബിസിനസാണ് മുഖ്യമെങ്കില്‍ എന്തിന് എം എല്‍ എ ആയി എന്നാണ് വോട്ടര്‍മാരില്‍ ചിലര്‍ ചോദിക്കുന്നത്. എം എല്‍ എ മണ്ഡലത്തിലില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ച്ചയായി നിയമ സഭയില്‍ ഹാജരാകാത്ത പി വി അന്‍വറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിട്ടുണ്ട്. ഇടതു സ്വതന്ത്രനായ അന്‍വര്‍ ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് നിലമ്പൂരിൽ നിന്ന് വിജയിച്ചെത്തുന്നത്.











