ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജീവനക്കാരുടെ മാസങ്ങളായുള്ള ശമ്പളക്കുടിശ്ശിക പ്രശ്നത്തിന് പരിഹാരമാകുന്നു. കഴിഞ്ഞ നാലഞ്ച് മാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായിരുന്ന ജീവനക്കാർക്ക് ഓണത്തിന് മുൻപ് തന്നെ അർഹമായ ആനുകൂല്യം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
ഓണക്കാലത്ത് ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലാകരുതെന്ന ലക്ഷ്യത്തോടെ, സാങ്കേതിക തടസ്സങ്ങൾ നീളുകയാണെങ്കിൽ സ്വന്തം അക്കൗണ്ടിൽ നിന്ന് 32 ലക്ഷം രൂപ മുൻകൂറായി നൽകി ശമ്പളക്കുടിശ്ശിക തീർക്കാൻ താൻ തയ്യാറായിരുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. തന്റെ ഓഫീസ് മുഖേന നിരന്തരം ബന്ധപ്പെട്ടതിനെത്തുടർന്ന്, ഒടുവിൽ ആലപ്പുഴ ജില്ലാ കളക്ടറെ നേരിട്ട് വിളിച്ച് സംസാരിക്കുകയായിരുന്നു.
തുടർന്ന് സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ഫണ്ട് അനുവദിക്കുകയും ചെയ്തു. ടൂറിസം ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരത്തിനകം തന്നെ ജീവനക്കാരുടെ അക്കൗണ്ടിൽ പണം എത്തുുമെന്ന് കളക്ടർ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. “ഞാൻ തന്നെ പണം നൽകണമെന്ന വാശിയൊന്നും എനിക്കില്ല. ആര് നൽകി എന്നതിലല്ല, അർഹതപ്പെട്ട ആ പാവം തൊഴിലാളികളുടെ കൈകളിൽ ഈ ഓണക്കാലത്ത് അവരുടെ അധ്വാനത്തിന്റെ ഫലം കൃത്യമായി എത്തിയോ എന്നതിലാണ് ഏറ്റവും വലിയ സന്തോഷം,” സുരേഷ് ഗോപി കുറിച്ചു.












