തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്ഷന്. സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ ജയന് സ്റ്റീഫനെ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് സസ്പെന്‍ഡ് ചെയ്തത്. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫിസറായ കലയാണ് മരിച്ചത്.
ചികില്‍സപ്പിഴവുമൂലമാണ് മരണ കാരണമെന്ന് കാട്ടി മരിച്ച കലയുടെ കുടുംബം പരാതി നല്‍കിയിരുന്നു. പരാതിയിലെ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
സെപ്ടംബര്‍ 30 നാണ് കലയെ ശസ്ത്രക്രീയയ്ക്ക് വേണ്ടി അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ശസ്ത്രക്രീയയും നടത്തി. അടുത്ത ദിവസം ആരോഗ്യാവസ്ഥ മോശമായതോടെ കൊല്ലം മെഡിസിറ്റിയിലേയ്ക്ക് മാറ്റുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ തെളിവെടുപ്പില്‍ ഈ ദിവസങ്ങളില്‍ ഡോക്ടര്‍ ജയന് സ്റ്റീഫന്‍ മെഡിക്കല്‍ കൊളേജില്‍ നിന്ന് അവധി എടുത്തതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൊഴി എടുപ്പില്‍ സ്വകാര്യ ആശുപത്രിയില്‍ അനധികൃതമായി ശസ്ത്രക്രീയയ്ക്ക് പോയിരുന്നതായി ജയന് സ്റ്റീഫന്‍ സമ്മതിച്ചു.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. ഗുരുതര പിഴവ് ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
വ്യാജ പേരില്‍ മറ്റ് സ്വകാര്യ ആശുപത്രികളിലും ഇയ്യാള് അനധികൃതമായി ചികിത്സ നടത്തിയിരുന്നതായാണ് മൊഴി. ആള്‍മാറാട്ടം നടത്തി ചികിത്സിക്കുന്നതടക്കം ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നതാണ്. ഇക്കാര്യങ്ങളും അന്വേഷണം പരിധിയില്‍ വരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
Discussion about this post