ഇരിങ്ങൽ (കോഴിക്കോട്): കുടുംബത്തോടൊപ്പം ബീച്ചിലെത്തിയ പെൺകുട്ടി തിരമാലയിൽപെട്ടു. കുട്ടിയെ ഉടൻ രക്ഷപ്പെടുത്തി വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. മണിയൂർ മുതുവന സ്വദേശിനി സനോമിയ (11) ആണ് അപകടത്തിൽപെട്ടത്.
കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ബീച്ചിൽ അമ്മയോടൊപ്പം നിൽക്കുമ്പോൾ അബദ്ധത്തിൽ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയിൽപെടുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ലാലുവും മുഹമ്മദും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
മിനിഗോവയായി വിശേഷിപ്പിക്കുന്ന ഈ പ്രദേശത്ത് നിരവധി പേരാണ് വിനോദസഞ്ചാരത്തിനായി എത്തുന്നത്. കടലും പുഴയും സംഗമിക്കുന്ന ഈ പ്രദേശം കണ്ടൽ ചെടികളാൽ സമൃദ്ധമാണ്. ലോക്ഡൗൺ നിയന്ത്രണം അയഞ്ഞതോടെ മറ്റു പ്രദേശങ്ങളിൽനിന്നുപോലും ആളുകൾ എത്തുന്നു. പക്ഷേ ആവശ്യമായ സുരക്ഷാ നടപടികളൊന്നും ഇവിടെയില്ല. ഇതിനായി മുറവിളി ഉയരുന്നതിനിടയിലാണ് കുട്ടി അപകടത്തിൽപെട്ടത്.
Discussion about this post