തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം. കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. കേരളത്തിലെ വിജയ ദശമി ദസറ ഉത്സവമായാണ് ഉത്തരേന്ത്യയിൽ ആഘോഷിക്കുന്നത്. ലങ്കാ രാജാവായ രാവണനെ ശ്രീരാമന്‍ തോല്‍പ്പിച്ചതും മഹിഷാസുരന്‍ എന്ന രാവണനെ ദുര്‍ഗാദേവി വധിച്ചതും വിജയദശമിയോട് ചേർന്നുള്ള ഐതിഹ്യമാണ്.
വിജയ ദശമി ദിവസമാണ് കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തിനിരുത്ത് എന്നാണ് ഇതറിയപ്പെടുന്നത്. വിദ്യാദേവതയായ സരസ്വതിക്കു മുന്നില്‍ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ ആയവര്‍ കുട്ടിയെ മടിയില്‍ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ’ എന്ന് എഴുതിക്കുന്നു. അതിനു ശേഷം നാവില്‍ ‘ഹരിശ്രീ’ എന്നെഴുതുന്നു.
‘ഹരി’ എന്നത് ദൈവത്തേയും ‘ശ്രീ’ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അത്യധികം ശുഭകരമായ ദിനമായതിനാല്‍ വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം ആവശ്യമില്ല. വിദ്യാരംഭത്തിനു വിജയദശമിയോളം വിശേഷമായി മറ്റൊരു നാളില്ല.
കൊവിഡ് കണക്കിലെടുത്ത് ഇത്തവണ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ചടങ്ങുകളില്ല. കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രം, കോഴിക്കോട് തളിയിൽ ക്ഷേത്രം, പാലക്കാട് ചിറ്റൂർ തുഞ്ചൻ മഠം, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവയടക്കം വിവിധയിടങ്ങളിൽ പുലർച്ചെ മുതൽ എഴുത്തിനിരുത്ത് ചടങ്ങ് തുടങ്ങി.
ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് എഴുത്തിനിരുത്ത് ചടങ്ങ് നടത്തുന്നത്. ഇത്തവണ ആപ്പ് വഴിയാണ് രജിസ്റ്റർ ചെയ്തവർക്കാണ് എഴുത്തിനിരുത്തിന് സജ്ജീകരണം ചെയ്തിരിക്കുന്നത്. പതിവിൽ നിന്ന് മാറി കൊവിഡ് പശ്ചാത്തലത്തിൽ മാതാപിതാക്കളാണ് കുട്ടികളെ കുട്ടികളെ എഴുത്തിനിരുത്തുന്നത്. ആചാര്യൻമാർ നിർദ്ദേശങ്ങൾ നൽകും.
Discussion about this post