ശ്രീനഗർ: ജമ്മു കശ്മീരിൽ വികസന സമത്വം ഉറപ്പ് വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെ പല കാര്യങ്ങളിലും ജമ്മു വിവേചനം നേരിട്ടിരുന്നു. എന്നാൽ ഇനി അങ്ങനെ ഒന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ എല്ലാവർക്കും നീതി ലഭ്യമാക്കാൻ സാധിച്ചു. വാൽമീകികൾക്കും പഹാരികൾക്കും ഗുജ്ജറുകൾക്കും ബേക്കർവാൽസിനും പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്കും സ്ത്രീകൾക്കും നീതി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.
ഐ ഐ ടിയുടെ പുതിയ ക്യാമ്പസ് ജമ്മുവിൽ ഉദ്ഘാടനം ചെയ്ത അമിത് ഷാ തുടർന്ന് ഭഗവതി നഗറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തു. മേഖലയിൽ വികസനം അട്ടിമറിക്കാൻ ചില ഛിദ്രശക്തികൾ ശ്രമിച്ചു. എന്നാൽ സർക്കാർ ഒരിക്കലും ആ പൈശാചിക ശക്തികൾക്ക് കീഴ്പ്പെടില്ലെന്ന് അമിത് ഷാ പറഞ്ഞു.
കോൺഗ്രസ്- പിഡിപി- നാഷണൽ കോൺഫറൻസ് പാർട്ടികൾക്കെതിരെ അമിത് ഷാ ആഞ്ഞടിച്ചു. ഈ മൂന്ന് കുടുംബങ്ങളും ചോദിക്കുന്നത് എനിക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നാണ്. എന്നാൽ ഞാൻ അവരോട് തിരികെ ചോദിക്കുന്നു, ഇത്രയും കാലം നിങ്ങൾ ഭരിച്ചിട്ട് എന്തു ചെയ്യാൻ സാധിച്ചു? ഈ ചോദ്യത്തിന് ഉത്തരം കേൾക്കാൻ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
ജമ്മുവിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന അനീതികൾക്ക് അറുതിയായി എന്നത് പറയാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഇനി ഒരാൾക്കും നിങ്ങളോട് നീതികേട് കാണിക്കാനാവില്ലെന്ന അമിത് ഷായുടെ വാക്കുകൾ കരഘോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.
Discussion about this post