ഡൽഹി: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ പോരാടാൻ ഇന്ത്യയെ ക്ഷണിച്ച് ഇസ്രായേൽ. ഭീകരതയെ ചെറുക്കാൻ ഒരുമിച്ച് നിൽക്കാമെന്ന് ഇന്ത്യയിലെ പുതിയ ഇസ്രായേൽ സ്ഥാനപതി നവോർ ഗിലോൺ വ്യക്തമാക്കി.
ഇസ്രായേലും ഇന്ത്യയെപ്പോലെ ഭീകരവാദത്തിന്റെ ഇരയാണെന്നും സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇരു രാജ്യങ്ങളും നേരിടുന്നതെന്നും അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഭീകരതയെ നേരിടാൻ നിരവധി മാർഗ്ഗങ്ങൾ ഇരു രാജ്യങ്ങളും വികസിപ്പിച്ച് ഉപയോഗിക്കുന്നുണ്ട്. സമാനമായ സാഹചര്യം നേരിടുന്ന മറ്റ് രാജ്യങ്ങൾക്കൊപ്പം ഇവ പങ്കു വെക്കാൻ തങ്ങൾ സന്നദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ പല നയങ്ങളും ഇസ്രായേലിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്നും ഗിലോൺ പറഞ്ഞു.
എന്നാൽ ഇന്ത്യ ഇറാനുമായും നല്ല ബന്ധം നിലനിർത്തിപ്പോരുന്ന രാജ്യമാണ്. വ്യത്യസ്ത താത്പര്യങ്ങൾ ഉൾക്കൊള്ളുന്നവരുമായി ഇന്ത്യ പുലർത്തുന്ന സൗഹൃദം ലോകസമാധാനത്തിന് മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇസ്രായേലും അമേരിക്കയും യു എ ഇയും തമ്മിലുള്ള സൗഹൃദം ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലൂ ഫ്ലാഗ് 2021 വ്യോമാഭ്യാസങ്ങളിലെ ഇന്ത്യൻ വ്യോമസേനയുടെ പ്രകടനവും ഗിലോൺ എടുത്ത് പറഞ്ഞു.
Discussion about this post