മെന്റലിസ്റ്റാകാൻ എളുപ്പമാണോ?
മനസ്സുകളുടെ പൂട്ടു തുറക്കാനുള്ള താക്കോൽ കിട്ടുക എന്നത് എളുപ്പമുള്ള കാര്യമാണോ? ഒരിക്കലും അല്ല. ‘മെന്റലിസം’ – മലയാളികൾക്കിടയിൽ ഈ വാക്ക് ശ്രദ്ധ നേടിയിട്ട് ചുരുങ്ങിയ വർഷങ്ങളേ ആയിട്ടുള്ളൂ. ജയസൂര്യ നായകനായി പുറത്തിറങ്ങിയ പ്രേതം എന്ന സിനിമയ്ക്ക് ശേഷമാണ് നമ്മൾ മെന്റലിസത്തെ കുറിച്ച് അന്വേഷിച്ച് തുടങ്ങിയത് .മനുഷ്യന്റെ ചിന്തകളേയും പെരുമാറ്റങ്ങളേയും ‘മാനിപുലേറ്റ്’ ചെയ്യാന്‍ കഴിയുന്ന ആളാണ് മെന്റലിസ്റ്റ് എന്ന് ഒറ്റ വാചകത്തില്‍ പറയാം.
1980-കളിൽ യൂറോപ്പില്‍ ഉടലെടുത്ത സൈക്കിക് റീഡിങ്ങിലാണ് മെന്‍റലിസത്തിന്‍റെ തുടക്കം. ഭൂത പ്രേതങ്ങളുടെ സഹായം കൊണ്ട് മനുഷ്യരുടെ ഉള്ളിലുള്ള കാര്യങ്ങള്‍ പ്രവചിക്കുന്നവരായിരുന്നു സൈക്കിക് റീഡേഴ്‍സ്. ഇതേക്കുറിച്ച് പിന്നീട് പഠനങ്ങൾ നടന്നു. അപ്പോഴാണ് ഒരാളുടെ മനസിലുള്ള കാര്യങ്ങള്‍ അയാളറിയാതെ പറയിക്കാനുള്ള വിദ്യയാണിതെന്ന് തെളിഞ്ഞത്.
പ്രേക്ഷകന്‍റെ ചിന്തകളാണ് ഒരു മെന്‍റലിസ്റ്റിന്‍റെ പണിയായുധങ്ങള്‍. ഒരാള്‍ കള്ളം പറയുമ്പോള്‍ ശരീരഭാഷയില്‍, പെരുമാറ്റത്തില്‍ ഒക്കെ മാറ്റങ്ങള്‍ കാണും. അയാള്‍ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് എളുപ്പം മനസിലാക്കാം.
കലയും ശാസ്ത്രവും ഒരു പോലെ ഇഴുകി ചേര്‍ന്ന ഒന്നാണ് മെന്റലിസം. സൈക്കോളജി, സജഷന്‍, മാജിക്, മിസ്ഡയറക്ഷന്‍, ഷോമാന്‍ഷിപ്പ് എന്നിവയെല്ലാം കൃത്യമായി ഇഴുകി ചേര്‍ന്ന ഒന്ന്. മാജിക്, ഹിപ്നോട്ടിസം, ബോഡി ലാംഗ്വിജ്, മൈക്രോ എക്സ്പ്രഷൻ എന്നിങ്ങനെ ഒരു മെന്റലിസ്റ്റിനെ സഹായിക്കുന്ന ധാരാളം വിഷയങ്ങളുണ്ട്. ഇവ പ്രത്യേകം പഠിക്കാൻ എളുപ്പമാണ്. പക്ഷേ ഇതെല്ലാം ചേർത്തുപയോഗിച്ച് എങ്ങനെ ഇങ്ങനെയൊരു ഇംപാക്ട് ഉണ്ടാക്കാമെന്നുമാത്രം എവിടെയും പഠിപ്പിക്കാറില്ല. ഒരു ഷോമാന്‍ഷിപ്പ് ആണ് മെന്‍റലിസം.
മന്ത്രവാദമോ അതീന്ദ്രീയതയോ ഒന്നുമല്ല മെന്‍റലിസം. അത് ഒരു കലയാണ്, അതോടൊപ്പം ഒരു ശാസ്ത്രവും. എന്നാണ് മെന്റലിസത്തിലൂടെ പ്രശസ്തനായ നിപിൻ നിരവത്ത് പറയുന്നത്. ഒരാളുടെ മനസിലെ വ്യക്തിപരമായ കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കുന്നതോ ആളുകളെ അപമാനിക്കാനുള്ളതോ അല്ല മെന്‍റലിസം. പ്രേക്ഷകരെ അത്ഭുതപ്പെടുത്തല്‍ മാത്രമാണ് ഒരു മെന്‍റലിസ്റ്റിന്‍റെ ലക്ഷ്യം.
മെന്റലിസ്റ്റ് ഒരു മാജികുകാരൻ ആണോ എന്ന് ചോദിച്ചാൽ മജിഷ്യനുംകൂടിയാണ് എന്നാണ് ഉത്തരം. മനസിന്‍റെ വ്യവഹാരങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് മുന്‍പില്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന ഒരു മാന്ത്രികനാണ് മെന്‍റലിസ്റ്റ്. മജീഷ്യന്‍ ഒരുപാട് വസ്തുക്കള്‍ ഉപയോഗിച്ച് പ്രകടനം നടത്തുന്നയാളാണ്. എന്നാല്‍ മെന്‍റലിസ്റ്റിന്റെ ഉപകരണം ആളുകളുടെ ചിന്തകളും, മനസും മാത്രമാണ്. മനശാസ്ത്രത്തിന്‍റെ സാധ്യതകളും മെന്‍റലിസ്റ്റ് ഉപയോഗിക്കുന്നു.
കിങ് ഓഫ് മെന്റലിസം’ എന്നു വിളിക്ക് ഏറ്റവും യോഗ്യതയുള്ള ആളാണ് ഡെറൻ ബ്രൗൺ എന്ന ഇംഗ്ലിഷുകാരൻ. വിദേശത്ത് ഏറെ അറിയപ്പെടുന്ന മെന്റലിസ്റ്റുകൾ കേരളത്തിൽ പ്രശ്സതരായപ്പോൾ അവർക്ക് നേരിടേണ്ടി വന്നത് പ്രേതത്തെ വരുതിയിലാക്കണമെന്ന പലരുടെയും ആഗ്രഹങ്ങളെയാണ്.
ആത്മാവ് എന്നത് ഒരു തോന്നലാണ്. നമുക്ക് ആത്മബന്ധമുള്ള ഒരാളുടെ വേർപാടില്‍ നിന്നുണ്ടാകുന്ന ചിന്തകളുടെ ഫലമാണിത്. ഒരാളെക്കുറിച്ചുള്ള ചിന്തകള്‍, ഓര്‍മ്മകള്‍ ഇതെല്ലാം മനസില്‍ വരുമ്പോൾ അയാളെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ഓര്‍ക്കുന്നു. അത് നമ്മളെ സ്വാധീനിക്കുന്നു. നമ്മളെ പിന്തുടരുന്നതായി തോന്നുന്നു.
പല വിദ്യകള്‍ ഒരുമിപ്പിച്ചാണ് മെന്‍റലിസം ചെയ്യുന്നത്. പഠിച്ചില്ലെങ്കിലും എല്ലാവര്‍ക്കും കുറച്ചൊക്കെ സൈക്കോളജി മനസിലാകും. ഓരോരുത്തരെയും കുറിച്ച് നമുക്ക് ഓരോ ധാരണകള്‍ ഉണ്ടാകും. മെന്റലിസ്റ്റിന് കുറ്റാന്വേഷണം നടത്താനാകും എന്നു പറയുന്നത് തെറ്റാണ്. മൈക്രോ എക്സ്പ്രഷനിലും ശരീരഭാഷയിലുമുള്ള അറിവുകൾ പൊലീസുകാരുമായി പങ്കുവയ്ക്കാനാവും. അത് അവർക്ക് ചിലപ്പോൾ ഉപയോഗപ്പെട്ടേക്കാം. അവരുടെ സംശയങ്ങൾ ഇല്ലാതാക്കാൻ സഹായിച്ചേക്കാം. അതിന് 100 ശതമാനം ഉറപ്പോ, നിയമപരമായി സാധ്യതയോ ഒന്നുമില്ല. അതായത് മെന്റലിസ്റ്റ് ആയതുകൊണ്ട് എല്ലാം മനസ്സിലാക്കാനോ, കുറ്റാന്വേഷണം നടത്താനോ ഒന്നും പറ്റില്ല. ഒരു പ്രഫഷണൽഹെൽപ് ചെയ്യാനാകും, എന്ന് മാത്രം.
ഒരോ വ്യക്തികള്‍ക്കും ഓരോ പാറ്റേണും അൽഗോരിതവും ഉണ്ട്. ചിലപ്പോള്‍ മുന്നിലുള്ള ആളറിയാതെ മെന്റലിസ്റ്റ് നല്‍കുന്ന നിര്‍ദേശമായിരിക്കും മുന്നിലുള്ള ആൾ നേരത്തേ നിശ്ചയിച്ച് മനസിലുറപ്പിച്ച് പറയുന്ന ഉത്തരം. അതിനെ ആർട്ട് ഓഫ് ഇൻഫ്ലൂവൻസ് എന്ന് പറയും. തിരിച്ച്, മറ്റൊരു മനസിലുള്ളത് വായിക്കുന്നതാണ് മൈൻഡ് റീഡിങ്. മനസ്സ് അല്ല ചിന്തകളാണ് വായിക്കുന്നത്. ആരുടേത് വേണമെങ്കിലും വായിക്കാം. പക്ഷേ അവർ സഹകരിക്കണമെന്നു മാത്രം. തന്റെ മനസ് വായിക്കാൻ സമ്മതിക്കില്ല എന്നു ഉറപ്പിച്ചിരിക്കുന്ന ഒരാളുടെ ചിന്തകൾ വായിക്കാൻ സാധിക്കില്ല.
ഇന്ത്യയില്‍ മെന്റലിസം എവിടെയും പഠിപ്പിക്കുന്നില്ല. അമേരിക്കയില്‍ നിരവധി അവസരങ്ങളുണ്ട്. പക്ഷേ, ഒരു കോഴ്‍സ് അല്ല. ആഗ്രഹം തീവ്രമാണെങ്കില്‍ ഒരുപാട് സഞ്ചരിക്കാം, മെന്‍റലിസം രീതികള്‍ സ്വായത്തമാക്കാം. മനുഷ്യരുടെ മനസ് അറിയുന്ന ബിഹേവിയര്‍ സൈക്കോളജിയാണിത്.
Discussion about this post