മുംബൈ: എൻസിബി ഉദ്യോഗസ്ഥൻ സമീർ വാംഖഡെയ്ക്കെതിരെ ജാതീയമായ അധിക്ഷേപം നടത്തിയതിന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതി നൽകി സമീറിന്റെ പിതാവ്. സമീർ വാംഖഡെ മുസ്ലീമാണെന്നും ജോലി നേടാൻ അദ്ദേഹം രേഖകളിൽ കൃത്രിമം കാട്ടി ജാതി സർട്ടിഫിക്കറ്റ് സമ്പാദിച്ചുവെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് പരാതി.
തന്റെ മകനെതിരെ നവാബ് മാലിക്ക് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് വാംഖഡെയുടെ പിതാവ് പരാതിയിൽ പറയുന്നു. തന്നെയും തന്റെ കുടുംബത്തെയും മാലിക്ക് പല തവണ ജാതീയമായി അധിക്ഷേപിച്ചതായും അദ്ദേഹം പരാതിപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
നവാബ് മാലിക്കിൽ നിന്നും ഒന്നേകാൽ കോടി രൂപ നഷ്ടപരിഹാരം വേണമെന്നും വാംഖഡെയുടെ പിതാവ് പറയുന്നു. മാലിക്കിനെതിരെ പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരം കേസെടുക്കണമെന്നും സമീർ വാംഖഡെയുടെ പിതാവ് ആവശ്യപ്പെടുന്നു. സമീർ വാംഖഡെയുടെ പിതാവ് നൽകിയ മാനനഷ്ടക്കേസിൽ മറുപടി നൽകാൻ ബോംബെ ഹൈക്കോടതി നവാബ് മാലിക്കിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Discussion about this post