ഇടുക്കി : 2018 ലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റില്‍ ഉണ്ടായ പിഴവാണെന്ന സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മന്ത്രി എംഎം മണി. തീവ്രമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് അണക്കെട്ട് തുറന്നത്. സാഹചര്യം പരിഗണിക്കാതെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉള്ളതായാണ് സംശയിക്കുന്നതെന്നും മന്ത്രി എംഎം മണി പ്രതികരിച്ചു. അണക്കെട്ടുകള്‍ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന റിപ്പോര്‍ട്ട് തെറ്റാണ്.
അണക്കെട്ടുകള്‍ എന്തുകൊണ്ട് തുറന്നുവിടേണ്ടിവന്നു എന്നത് സാമാന്യ ബുദ്ധിയ്ക്ക് നിരക്കുന്ന രീതിയില്‍ സിഎജി പരിശോധിക്കണം. അതല്ലാതെ അണക്കെട്ട് തുറന്നു വിട്ടതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് പറഞ്ഞു നടക്കുന്നതില്‍ കാര്യമില്ല. ഇത് വികലമായ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ അന്നുണ്ടായ അപ്രതീക്ഷിത മഴയാണ് പ്രളയത്തിന് കാരണമായത്. അത് മനസ്സിലാക്കണം. അതില്ലാതെയുള്ള സിഎജി റിപ്പോര്‍ട്ട് യഥാര്‍ത്ഥമല്ല. അതില്‍ എന്തോ രാഷ്ട്രീയക്കളിയുണ്ടെന്നാണ് സംശയിക്കുന്നതെന്നും മണി ആരോപിച്ചു.
ഡാം മാനേജ്മെന്റുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനങ്ങളാണ് സിഎജി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെയുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ മുന്നൊരുക്കവും പ്രതിരോധവും എന്ന റിപ്പോര്‍ട്ടിലാണ് ഡാം മാനേജ്മെന്റില്‍ സംഭവിച്ചിരിക്കുന്ന വീഴ്ചകള്‍ വ്യക്തമാക്കിയിട്ടുള്ളത്. മഹാപ്രളയ കാലത്ത് പല ഡാമിനും റൂള്‍ കര്‍വ് ഇല്ലായിരുന്നു. കെഎസ്ഇബി അണക്കെട്ടുകളില്‍ 2011-നും 2019-നും ഇടയില്‍ ജലസംഭരണ ശേഷി സര്‍വ്വേ നടത്തിയിട്ടില്ല. 2018-ലെ പ്രളയത്തിന് ശേഷവും സംസ്ഥാനം അതേ നിലപാട് തുടര്‍ന്നു. പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ ഇപ്പോഴും സംസ്ഥാന ജലനയത്തിലില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
Discussion about this post