ഡൽഹി : ഇന്ധനവില വര്‍ദ്ധനയില്‍ സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രം ഇന്ധന നികുതി കുറച്ചിട്ടും വില കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങളുണ്ട്. വില കുറയ്ക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചു വിട്ട സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരുകളോട് തന്നെ ചോദിക്കൂ എന്നും ധനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരും സംസ്ഥാന ധനമന്ത്രിമാരും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ യഥാക്രമം 5 രൂപ, 10 രൂപ വീതം കുറച്ചിരുന്നു. സംസ്ഥാനങ്ങളോട് വാറ്റ് കുറക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടും നികുതി കുറയ്ക്കാൻ തയ്യാറാകാത്തതിനെ നിര്‍മ്മല സീതാരാമന്‍ ചോദ്യം ചെയ്തു. ജി.എസ്.ടി കൗണ്‍സില്‍ പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് നിശ്ചയിക്കാതെ ഇവ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമാണ് ഇന്ധനവില കുറയ്ക്കേണ്ടതെന്ന നിലപാടില്‍ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഉറച്ചു നില്‍ക്കുമ്പോഴാണ് ധനമന്ത്രിയുടെ വിമർശനം. അതേസമയം സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ രണ്ടു ഗഡു ഈ മാസം 22ന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. 1830. 32 കോടി കേരളത്തിന് ലഭിക്കും. പണലഭ്യത ഉറപ്പാക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമായാണ് തുക നല്‍കുക.
Discussion about this post