ന്യൂസിലാന്റിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. കിവീസ് മുന്നോട്ടുവെച്ച 154 റണ്‍സിന്റെ വിജയലക്ഷ്യം 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്കായി കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും അര്‍ദ്ധ സെഞ്ച്വറി നേടി.
രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 49 ബോള്‍ നേരിട്ട രാഹുല്‍ രണ്ട് സിക്സിന്റെയും ആറ് ഫോറിന്റെയും അകമ്പടിയില്‍ 65 റണ്‍സ് എടുത്തു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ഞായറാഴ്ചയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം.
ഇന്ത്യയ്ക്കായി നായകന് രോഹിത് ശര്‍മ്മ 36 ബോളില്‍ അഞ്ച് സിക്സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയില്‍ 55 റണ്‍സെടുത്തു. 117 റണ്‍സാണ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ രോഹിത്-രാഹുല്‍ സഖ്യം നേടിയത്. റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ 12 റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു. സൂര്യകുമാര്‍ (1) നിരാശപ്പെടുത്തി. ന്യൂസിലാന്റിനായി നായകന് ടിം സൌത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 153 റണ്‍സ് നേടിയത്. 21 ബോളില്‍ 34 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്റെ ടോപ് സ്കോറര്‍. ഒരു ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഫിലിപ്സിന്റെ പ്രകടനം. മത്സരത്തിന്റെ തുടക്കത്തില്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കാന്‍ ന്യൂസിലാന്റിന് ആയില്ല. മാര്‍ട്ടില്‍ ഗപ്റ്റില്‍ 31, ഡാരില്‍ മിച്ചല്‍ 31, മാര്‍ക് ചാപ്മാന് 21, സീഫേര്‍ട്ട് 13, ജിമ്മി നീഷാം 3 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി അരങ്ങേറ്റ കളിക്കാരന് ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, അശ്വിന്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
Discussion about this post