ഓൺലൈൻ ഗെയിമുകൾ കളിക്കാൻ മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട്ടിൽ നിന്ന് പണവും സ്വർണ്ണവുമായി മുങ്ങിയ 15 കാരൻ പിടിയിൽ. ചെന്നൈയിലാണ് സംഭവം. 33 ലക്ഷം രൂപയും 213 പവൻ സ്വർണവുമായാണ് കടന്നത്. മാതാപിതാക്കളുടെ ശല്യമില്ലാതെ ഓൺലൈൻ ഗെയിമുകൾ കളിക്കാൻ നേപ്പാളിലേക്ക് കടക്കാനായിരുന്നു ശ്രമം. പഴയ മൊബൈൽ ഫോൺ ഉപേക്ഷിച്ച് പുതിയ ഐഫോൺ വാങ്ങി സിം കാർഡ് മാറ്റിയിരുന്നുവെങ്കിലും പൊലീസ് കണ്ടെത്തുകയായിരുന്നു.
11-ാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി കോൺട്രാക്ടറായ അച്ഛനും, കോളേജ് പ്രൊഫസറായ അമ്മയ്ക്കുമൊപ്പമാണ് പഴയ വാഷർമെൻപേട്ട് ഏരിയയിൽ താമസിച്ചിരുന്നത്. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്ന കുട്ടി ഓൺലൈൻ ക്ലാസുകൾക്ക് ഇടയിലും മാതാപിതാക്കളുടെ ഫോണിൽ കളിച്ചിരുന്നു. മാതാപിതാക്കൾ എതിർത്തതോടെ നിരന്തരം വീട്ടിൽ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
‘ബുധനാഴ്ച അച്ഛൻ ജോലിക്ക് പോയ ശേഷം സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട് വിട്ട് ഇറങ്ങുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു, ഇൻസ്പെക്ടർ ഫ്രാൻവിൻ ഡാനി പറഞ്ഞു. ഇതിനിടെ വീട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് ബ്യൂറോയിൽ സൂക്ഷിച്ചിരുന്ന 33 ലക്ഷം രൂപയും 213 പവൻ സ്വർണവും കാണാനില്ലെന്ന് മനസ്സിലാക്കിയത്. ഇൻസ്പെക്ടർ ഫ്രാൻവിൻ ഡാനിയുടെ നേതൃത്വത്തിൽ വാഷർമെൻപേട്ട് ഡെപ്യൂട്ടി കമ്മീഷണർ ആർ.ശിവ പ്രസാദ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വേഗത്തിലാക്കി. അപ്പോഴേക്കും കുട്ടി തന്റെ പഴയ മൊബൈൽ ഫോൺ ഉപേക്ഷിച്ച് പുതിയ ഐഫോണും, സിം കാർഡും എടുക്കുകയും, വ്യാഴാഴ്ച പുലർച്ചെ നാലിന് പുറപ്പെടേണ്ട നേപ്പാളിലേക്കുള്ള വിമാന ടിക്കറ്റും ബുക്ക് ചെയ്യുകയും ചെയ്തിരുന്നു.
കുട്ടിയുടെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്തപ്പോൾ നേപ്പാളിലേക്ക് പോകാൻ പദ്ധതിയുണ്ടെന്ന് സന്ദേശം അയച്ചതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സൈബർ ക്രൈം ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൊലീസ് സ്ഥലം കണ്ടെത്തി. എയർപോർട്ടിന് സമീപം താമസിക്കാൻ കുട്ടി തംബരത്തെ ഒരു ഹോട്ടലിൽ മുറിയും ബുക്ക് ചെയ്തിരുന്നുവെന്ന് ഇൻസ്പെക്ടർ ഫ്രാൻവിൻ ഡാനി പറഞ്ഞു. പൊലീസെത്തി കുട്ടിയെ പിടികൂടി തിരികെ എത്തിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു.
Discussion about this post