അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ഡിഎൻഎ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ ഇന്നലെ സ്വീകരിച്ചിരുന്നു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നൊളജിയിലാണ് ഡിഎൻഎ പരിശോധന നടക്കുന്നത്. ഇന്ന് വൈകീട്ടോടെ ഫലം ലഭിക്കുമെന്നാണ് വിവരം.
കുഞ്ഞിന്റെ ഡി.എൻ.എ സാമ്പിൾ എടുത്ത ശേഷം ഇന്നലെ വൈകീട്ടോടെയാണ് അനുപമയുടേയും അജിത്തിന്റേയും ഡി.എൻ.എ സാമ്പിളുകൾ രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ സ്വീകരിച്ചത്. നടപടികൾ വേഗത്തിലാക്കുന്നതിൽ തൃപ്തിയുണ്ടെങ്കിലും ഒരുമിച്ച് സാമ്പിൾ ശേഖരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് അനുപമ ആരോപിച്ചിരുന്നു. ആന്ധ്രയിൽ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോൾ നിർമ്മല ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണം എന്ന് ആവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇക്കാര്യം നിലവിൽ അനുവദിച്ചിട്ടില്ല.
ഡിഎൻഎ ഫലം പോസറ്റിവായാൽ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികള്‍ ശിശു ക്ഷേമ സമിതി സ്വീകരിക്കും. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികള്‍. അതേസമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്.
Discussion about this post