ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ ഡല്‍ഹിയിലെ പ്രമുഖ പത്രങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വര്‍ണ്ണിച്ച് നല്കിയ പരസ്യങ്ങള്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി പ്രതിഷേധവുമായി എത്തി. ബി.ജെ.പിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് എ.എ.പിയുടെ ആരോപണം. ഇന്നത്തെ പ്രമുഖ പത്രങ്ങളുടെയെല്ലാം ഒന്നാം പേജില്‍ ബി.ജെ.പി പരസ്യം നിറഞ്ഞുനിന്നു. ഇത് തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് എ.എ.പി നേതാവ് അഷുതോഷ് പറഞ്ഞു.
ഇത്തരം പരസ്യങ്ങള്‍ പ്രചാരണ പരിപാടികള്‍ അവസാനിച്ച ശേഷം അനുവദിച്ചിരുന്നില്ല. എന്തുകൊണ്ടാണ് പത്രങ്ങളില്‍ ഇവ അനുവദിക്കുന്നത്. വലിയ പ്രചാരമുള്ള ഇത്തരം മാധ്യമങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നും അഷുതോഷ് കൂട്ടിച്ചേര്‍ത്തു. ഇത്തരം പരസ്യങ്ങള്‍ക്കു പിന്നിലെ ബി.ജെ.പി ഫണ്ടിന്റെ ഉറവിടം ഉടന്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്നാല്‍ ബി.ജെ.പിയുടെ വികസന അജണ്ട വെളിപ്പെടുത്തുന്നതാണ് പരസ്യമെന്നും അതില്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമില്ലെന്നുമാണ് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹയുടെ മറുപടി. തെരഞ്ഞെടുപ്പ് ദിവസം വരെ പരസ്യങ്ങള്‍ പാര്‍ട്ടികള്‍ക്കു നല്കാന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ എട്ടു മാസത്തെ നേട്ടങ്ങള്‍ വിവരിക്കുന്നതാണ് പരസ്യം. മോഡിയുടെയും കിരണ്‍ ബേദിയുടെയും ചിത്രങ്ങളോടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്.
Discussion about this post