തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുകയും ലോകമാകമാനം ഒമിക്രോൺ ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. റഷ്യയിൽ നിന്ന് കേരളത്തിലെത്തിയ 21 യാത്രക്കാരെ പരിശോധന കൂടാതെ വിട്ടയച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ ആർടിപിസിആർ പരിശോധന നടത്തിയ ശേഷമേ പുറത്ത് വിടാവൂ എന്ന കേന്ദ്ര നിർദേശമാണ് സംസ്ഥാനം അവഗണിച്ചത്.
കൂടാതെ ഇവർക്ക് ഹോം ക്വാറന്റീനും നിർദേശിച്ചിട്ടില്ല. നവംബർ 28നാണ് ഇവർ കേരളത്തിൽ എത്തിയത്. ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയെക്കുറിച്ച് അറിയില്ലെന്നാണ് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ മറുപടി. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പരിശോധനക്ക് വിധേയരാക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയെ കുറിച്ച് അറിയിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസും നടപടി എടുത്തില്ലെന്ന് ആരോപണമുണ്ട്. റഷ്യ യൂറോപ്യൻ രാജ്യമല്ല, ഏഷ്യൻ രാജ്യമാണെന്ന വിചിത്ര മറുപടിയും ചില അധികൃതർ നൽകിയതായി സ്വകാര്യ മാധ്യമം വെളിപ്പെടുത്തുന്നു.












