ശ്രീനഗർ: നിലവിലെ കോൺഗ്രസ് നേതൃത്വം ആശയങ്ങളോട് മുഖം തിരിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മുതിർന്ന നേതാക്കൾ ആരെങ്കിലും ഉപദേശിക്കാൻ ശ്രമിച്ചാൽ അതിനെ കുറ്റകൃത്യമായിട്ടാണ് പാർട്ടി കാണുന്നത്. ഉപദേശങ്ങളുടെ അന്തസ്സത്ത മനസ്സിലാക്കാൻ പാർട്ടി തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പുകളിലെ തുടർ പരാജയങ്ങളെ ചൊല്ലി തിരുത്തൽ നടപടികൾ ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയ 23 നേതാക്കളിൽ ആസാദും ഉൾപ്പെട്ടിരുന്നു. പാർട്ടിയിൽ ജനാധിപത്യം അനിവാര്യമാണെന്നും നേതൃത്വങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. മുതിർന്ന നേതാക്കളുടെ വാക്കുകൾക്ക് പാർട്ടിയിൽ അർഹിക്കുന്ന ആദരവ് വേണമെന്നും യുവനേതാക്കൾ അവരുമായി നല്ല ബന്ധം പുലർത്തേണ്ടത് ആവശ്യമാണെന്നും ആസാദ് പറഞ്ഞു. കശ്മീരിൽ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹം, പക്ഷേ നടക്കുമെന്ന് തോന്നുന്നില്ലെന്നും നേരത്തെ ആസാദ് പറഞ്ഞിരുന്നു. തന്നെക്കൊണ്ട് സാധ്യമാകാത്ത കാര്യങ്ങളിൽ വാഗ്ദാനം നൽകാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post