ഡൽഹി: തമിഴ്നാട്ടിലെ കൂനൂരിൽ നടന്ന ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു. സൂലൂരിൽ നിന്നും വെല്ലിംഗ്ടണിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു വ്യോമ ദുരന്തം. അപകടത്തിൽ ബിപിൻ റാവത്തിനൊപ്പം ഭാര്യ മധുലിക റാവത്തും കൊല്ലപ്പെട്ടു.
ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി 2019ലായിരുന്നു ബിപിൻ റാവത്ത് ചുമതലയേറ്റത്. സമകാലിക വെല്ലുവിളികൾ നേരിടുന്നതിന് വേണ്ടി സൈനിക ഘടന ഉടച്ച് വാർക്കുന്നതിന്റെ ഭാഗമായിരുന്നു നിയമനം.
ഇന്ത്യൻ കരസേന മേധാവി സ്ഥാനത്ത് നിന്നും വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിയിരിക്കെയാണ് ബിപിൻ റാവത്ത് സംയുക്ത സേനാ മേധാവിയായി നിയമിക്കപ്പെടുന്നത്. ഇന്ത്യൻ കരസേനയുടെ ഗോർഖാ റെജിമെന്റിലെ സൈനികനായിരുന്നു ബിപിൻ റാവത്ത്. ഗോർഖാ റെജിമെന്റിൽ നിന്നും കരസേന മേധാവിയാകുന്ന നാലാമത്തെ സൈനിക ഉദ്യോഗസ്ഥനായിരുന്നു ജനറൽ ബിപിൻ റാവത്ത്.
സൈനിക വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഉപദേഷ്ടാവായിരുന്നു ബിപിൻ റാവത്ത്. കര, നാവിക, വ്യോമ സേനകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
ഷിമ്ല സെന്റ് എഡ്വേർഡ് സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് ബിപിൻ റാവത്ത് മഹാരാഷ്ട്രയിലെ ഘടക്വാസ്ല ദേശീയ പ്രതിരോധ അക്കാഡമിയിൽ ചേരുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സൈനിക അക്കാഡമിയിലായിരുന്നു പരിശീലന കാലം.
കിഴക്കൻ അതിർത്തിയിൽ ചൈനയുമായി തർക്കങ്ങൾ നിലനിൽക്കുന്ന മേഖലയിലായിരുന്നു ആദ്യ നിയമനം. തുടർന്ന് കശ്മീർ ദൗത്യങ്ങളിൽ പങ്കാളിയായി.
2016 ഡിസംബർ 31നായിരുന്നു ജനറൽ ബിപിൻ റാവത്ത് കരസേനാ മേധാവിയായി നിയമിതനാകുന്നത്. തുടർന്ന് 2019 ഡിസംബർ 30ന് സംയുക്ത സൈനിക മേധാവിയായി. സംയുക്ത സേനാ മേധാവിക്കൊപ്പം പ്രഖ്യാപിക്കപ്പെട്ട പ്രതിരോധകാര്യ വകുപ്പിന്റെയും ചുമതല അദ്ദേഹം വഹിച്ചിരുന്നു.
നാല് പതിറ്റാണ്ട് നീണ്ട സൈനിക ജീവിതത്തിൽ ഓരോ ശ്വാസത്തിലും രാജ്യത്തിന് വേണ്ടി പോരാടിയ ധീരനായ സൈനികനായിരുന്നു ജനറൽ ബിപിൻ റാവത്ത്. ഐക്യരാഷ്ട്ര സമാധാന പാലന സേനയുടെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് അദ്ദേഹം സൈനിക സംഘത്തെ നയിച്ചു. 2015ൽ മ്യാന്മറിൽ കടന്ന് ഭീകരരെ വധിച്ചതും 2016ലെ സർജിക്കൽ സ്ട്രൈക്കുകളും ബിപിൻ റാവത്ത് എന്ന ധീരയോദ്ധാവിന്റെ നേതൃത്വത്തിലായിരുന്നു.
പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, യുദ്ധ സേവാ മെഡൽ തുടങ്ങി നിരവധി ബഹുമതികൾ നേടി രാജ്യസേവനം ചെയ്ത മഹായോദ്ധാവിനെയാണ് ഭാരത ഭൂമിക്ക് നഷ്ടമാകുന്നത്.
Discussion about this post