ആരാധകരെ അത്ഭുതപ്പെടുത്തി വീണ്ടും മോഹൻലാൽ. പ്രിയദർശൻ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹ‘ത്തിൽ ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങൾ ചെയ്യുന്ന മോഹൻലാലിന്റെ അർപ്പണ മനോഭാവമാണ് ആരാധകർക്ക് വിസ്മയമാകുന്നത്. സൈന വീഡിയോസാണ് 1.12 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ചെറുപ്പക്കാർ പോലും ചെയ്യാൻ മടിക്കുന്ന സാഹസിക രംഗങ്ങളാണ് സഹായികൾ പോലുമില്ലാതെ ചിത്രത്തിൽ മോഹൻലാൽ ചെയ്തിരിക്കുന്നത്. നേരത്തെ, ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനിൽ താരം ചെയ്തതിനേക്കാൾ സാഹസം നിറഞ്ഞ രംഗങ്ങളാണ് മരക്കാറിലേത് എന്നാണ് ആരാധകർ പറയുന്നത്. പുലിമുരുകനിൽ ഡ്യൂപ്പിനെ ഉപയോഗിച്ചു എന്ന വ്യാജപ്രചാരണം പൊളിക്കാൻ സംവിധായകൻ വൈശാഖും സംഘട്ടന സംവിധായകൻ പീറ്റർ ഹെയ്നും പുറത്തു വിട്ട മേക്കിംഗ് വീഡിയോ യൂട്യൂബിൽ ട്രെൻഡിംഗ് ആയിരുന്നു. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ പിന്നീട് ഒരു പൊതുവേദിയിൽ മോഹൻലാൽ പരസ്യമായി ചെയ്ത് കാണിച്ചിരുന്നു.
അച്ഛനെ പോലെ തന്നെ പ്രണവ് മോഹൻലാലും സാഹസ രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യുന്നതും വീഡിയോയിലുണ്ട്. എങ്കിലും അറുപത്തിയൊന്ന് വയസ്സുകാരനായ മോഹൻലാലിന്റെ മെയ് വഴക്കവും ഇച്ഛാശക്തിയും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
Discussion about this post