ഡൽഹി: ശ്രീനഗർ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ്. ഇരുപത്തിയഞ്ച് പൊലീസുകാരുമായി പോകുകയായിരുന്ന ബസിന് നേർക്കാണ് ആക്രമണം ഉണ്ടായത്. മൂന്ന് ഭീകരരാണ് ബസിന് നേർക്ക് നിറയൊഴിച്ചതെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.
അപകടത്തിൽ രണ്ട് പൊലീസുകാർ വീരമൃത്യു വരിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. 12 പേർക്ക് പരിക്കേറ്റു. ഒരു ഭീകരന് വെടിയേറ്റിട്ടുണ്ട്. ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ശക്തമാക്കി. സാഹചര്യം കൃത്യമായി വിലയിരുത്തി വരികയാണെന്നും കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു.
ശ്രീനഗർ ഭീകരാക്രമണത്തിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരാഞ്ഞു. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച പൊലീസുകാരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.
ബസിന് നേർക്ക് ഭീകരർ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ മുഴുവൻ പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഭീകരർക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post