ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സംശയസ്പദമായി ഒരു ബൈക്കും പൊലീസ് പരിശോധിക്കുന്നുണ്ട്. രഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തന്നെ വ്യക്തമായിരുന്നു.
കൃത്യമായ ആസൂത്രണമായിരുന്നതിനാല്‍ ആരുംതന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണത്തിന്റെ നിഗമനം. കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
ആലപ്പുഴയിൽ പ്രത്യക്ഷത്തില്‍ പ്രശ്നങ്ങളില്ലെങ്കിലും ജില്ലയില്‍ സംഘര്‍ഷസാധ്യത നിലനില്ക്കുന്നുവെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. സമാധാനം പുനസ്ഥാപിക്കാൻ സര്‍വകക്ഷി യോഗം ഇന്ന് വൈകീട്ട് നാലിന് കളക്ടറേറ്റിൽ ചേരും. മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും.
Discussion about this post