ജർമ്മൻ ബിസിനസ്സുകാരന് റഷ്യൻ യുവതി വധു. വിവാഹം പരമ്പരാഗത ഹിന്ദു ആചാര പ്രകാരം ഗുജറാത്തിൽ. ഗുജറാത്തിലെ സബർകാന്തയിൽ നടന്ന ‘വിശ്വവിവാഹം‘ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
വിയറ്റ്നാമിൽ അധ്യാപികയായി ജോലി നോക്കുകയാണ് റഷ്യക്കാരിയായ വധു ജൂലിയ ഉക്വാറ്റിന. വരനായ ജർമ്മൻ യുവാവ് ക്രിസ് മുള്ളറെ ജൂലിയ പരിചയപ്പെടുന്നതും വിയറ്റ്നാമിൽ വെച്ചായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ അഗാധമായ പ്രണയത്തിലായി.
മുൻപ് എട്ട് തവണ ഇന്ത്യയിൽ വന്നിട്ടുള്ള ജൂലിയ ഇന്ത്യൻ സംസ്കാരത്തിന്റെ ആരാധികയാണ്. ക്രിസ് കഴിഞ്ഞ കുംഭമേളക്കാലത്ത് ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടനായ ക്രിസ്സും ഹിന്ദു മതത്തിന്റെ ആരാധകനാണ്. അങ്ങനെ ഇരുവരും ഹിന്ദു മതാചാര പ്രകാരം ഇന്ത്യയിൽ വെച്ച് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.
വിയറ്റ്നാമിൽ യോഗ അധ്യാപിക കൂടിയാണ് ജൂലിയ. ഇരുവരുടെയും ഇന്ത്യൻ സുഹൃത്തുക്കളായ നീലേഷ് ചൗഹാനും ഭഗീരഥ് പട്ടേലുമാണ് വിവാഹത്തിന് ആദ്യാവസാനം മുന്നിൽ നിന്നത്. ഇത്തരത്തിൽ അതുല്യമായ രീതിയിൽ വിവാഹം കഴിക്കാൻ സാധിച്ചതിൽ ആവേശഭരിതനാണ് താൻ എന്ന് ക്രിസ് പറഞ്ഞു.
ഇരുവരെയും ആശീർവദിക്കാൻ സബർകാന്ത ഗ്രാമത്തിലെ ജനങ്ങൾക്കൊപ്പം ബിജെപി എം പി ദീപ് സിംഗ് റാത്തോഡും എത്തിയിരുന്നു.








