ലഖ്നൗ: യു.പിയില്‍ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തിയാല്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പൂണൂല് ധരിക്കുമെന്നും ശ്രീരാമന്റെ പേര് ജപിക്കുമെന്നും ഉത്തര്‍ പ്രദേശ് പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി ഭൂപേന്ദ്ര സിംഗ് ചൗധരി. ഞായറാഴ്ച യു.പിയിലെ ഷമ്ലിയില്‍ ഒരു യുവജന റാലിയില്‍ വെച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.
”ഞങ്ങള്‍ ഞങ്ങളുടെ അജണ്ടയുമായി മുന്നോട്ട് പോകുകയാണ്. ഈ അജണ്ട കാരണമാണ് അഖിലേഷ് യാദവ് ഹനുമാന് ക്ഷേത്രങ്ങളില്‍ ചെന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്. ഈ അജണ്ട കാരണമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പൂണൂല് ധരിച്ച് തുടങ്ങിയതും. ഇതാണ് ഞങ്ങളുടെ അജണ്ടയുടെ സ്വാധീനം. ആളുകള്‍ അവരുടെ സ്വന്തം അജണ്ടകള്‍ ഉപേക്ഷിക്കുകയും പകരം ഞങ്ങളുടേത് പിന്തുടരാന് തുടങ്ങുകയും ചെയ്യും,” ചൗധരി പി.ടി.ഐയോട് പ്രതികരിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ച് മാത്രം സംസാരിച്ചിരുന്നവര്‍, ശ്രീരാമന് ഇവിടെ നിലനില്‍ക്കുന്നതായി വിശ്വസിക്കാത്ത ആളുകള്‍ വരെ പൂണൂല് ധരിക്കാനും അമ്പലങ്ങളില്‍ പോകാനും തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
Discussion about this post