പാരീസ്: ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും എതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഇമാം കുരുക്കിൽ. പ്രസംഗം നടന്ന പള്ളി പൂട്ടി സീൽ വെക്കാൻ ഫ്രഞ്ച് സർക്കാർ ഉത്തരവിട്ടു. ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പ്രാദേശിക അധികാരികൾക്ക് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
തലസ്ഥാനമായ പാരീസിൽ നിന്നും നൂറ് കിലോമീറ്റർ പരിധിക്കുള്ളിലാണ് പള്ളി. അതേസമയം സംഭവത്തിൽ വിശദീകരണവുമായി പള്ളി അധികൃതർ രംഗത്തെത്തി. അടുത്തയിടെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ആളാണ് പ്രസംഗം നടത്തിയ ഇമാമെന്ന് അവർ വിശദീകരിച്ചു. താൻ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും ഖുറാൻ വചനങ്ങൾ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഇമാം അറിയിച്ചതായും ഇവർ വാദിച്ചു.
എന്നാൽ ഇമാമിന്റെ വാക്കുകൾ പരിധികൾ ലംഘിക്കുന്നതാണെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അന്യമത വിദ്വേഷം പ്രസംഗിച്ചതോടൊപ്പം ഇമാം ജിഹാദിനെ മഹത്വവത്കരിച്ചുവെന്നും ഇസ്ലാമിക മതം രാജ്യത്തിന്റെ നിയമങ്ങൾക്കും ഉപരിയാണെന്ന് പ്രഖ്യാപിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.
Discussion about this post