ഡൽഹി: കർഷക സമരത്തിന്റെയും പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയുടെയും മറവിൽ സിഖ് സമൂഹത്തെ കേന്ദ്ര സർക്കാരിനെതിരെ തിരിക്കാനുള്ള പാക് ഗൂഢാലോചന പൊളിച്ചടുക്കി ഡൽഹി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് പാക് നിയന്ത്രിതമായ 46 ട്വിറ്റർ അക്കൗണ്ടുകൾ പൊലീസ് തിരിച്ചറിഞ്ഞു. സിഖ് സമൂഹത്തിനെതിരായി ഇന്ത്യയിൽ കാബിനറ്റ് യോഗം നടന്നു എന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച അക്കൗണ്ടുകളാണ് ഡൽഹി പൊലീസ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ഡിസംബർ 9ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വ്യോമദുരന്തത്തിൽ അന്തരിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാർ വിളിച്ചു കൂട്ടിയ അടിയന്തര കാബിനറ്റ് സമിതി യോഗത്തിന്റെ വീഡിയോയാണ് വ്യാജ തലക്കെട്ടിൽ പ്രചരിപ്പിച്ചത്. ഈ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് കർഷക സമരവും പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയും ഇവർ മുതലെടുക്കാൻ ശ്രമിച്ചതായി കണ്ടെത്തിയത്.
രാജ്യത്തെ മതസൗഹാർദ്ദം തകർത്ത് വർഗീയ കലാപമുണ്ടാക്കാനാണ് ഇവർ ലക്ഷ്യമിട്ടത്. ഈ അക്കൗണ്ടുകളെല്ലാം കർഷക സമരത്തിന് മുന്നോടിയായി രൂപീകരിക്കപ്പെടുകയും 2021 ഒക്ടോബർ മുതൽ സജീവമായി വിദ്വേഷ പ്രചാരണങ്ങൾ നടത്തുകയും ചെയ്തവയാണ്. പാകിസ്ഥാനിലെ ഒരൊറ്റ ബ്രൗസറിൽ നിന്നാണ് ഇവ നിയന്ത്രിച്ചിരുന്നത്. ഇവയുമായി ഇന്ത്യയിലെ നിരവധി മാധ്യമ പ്രവർത്തകരും എൻ ജി ഒകളും ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post