ചെന്നൈ: 7 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി. പോക്സോ കേസിലാണ് ശാമുവേൽ എന്ന യുവാവിന്റെ വധശിക്ഷ കോടതി ശരിവെച്ചത്. പ്രതി ജീവിച്ചിരുന്നാൽ അയാളുമായി സഹകരിക്കുന്ന മനുഷ്യരുടെ മനസ്സുകൾ വിഷലിപ്തമാകുമെന്ന് ശിക്ഷാവിധി ശരിവെച്ച് കൊണ്ട് ജസ്റ്റിസുമാരായ എസ് വൈദ്യനാഥനും ജി ജയചന്ദ്രനും പറഞ്ഞു.
സഹജീവികളോട് യാതൊരു കരുണയുമില്ലാത്ത പിശാചായി ഒരു മനുഷ്യൻ മാറിയാൽ അയാൾക്ക് അർഹിക്കുന്ന ശിക്ഷ നൽകി ഈ ലോകത്ത് നിന്നും പറഞ്ഞയക്കണമെന്നും കോടതി പറഞ്ഞു. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം നിഷ്കളങ്കത്വം മുതലെടുത്ത് പൈശാചിക കൃത്യം നിർവ്വഹിച്ച പ്രതി വധശിക്ഷയിൽ കുറഞ്ഞൊന്നും അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
പീഡനത്തിന് ശേഷം അവശയായി വെള്ളം യാചിച്ച കുട്ടിയെ പ്രതി നിഷ്കരുണം വലിച്ചുയർത്തി തല മരത്തിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കുളത്തിൽ ഉപേക്ഷിച്ചു. കൊലപാതകത്തിന് മുൻപ് പ്രതി കുട്ടിയുടെ ജനനേന്ദ്രിയം തകർത്തിരുന്നു. വിചാരണ കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ പ്രതി അപ്പീൽ പോയിരുന്നു. ഇതാണ് ഹൈക്കോടതി തള്ളിയത്.
Discussion about this post