തിരുവനന്തപുരം: മാർക്സിനെയും വൈരുദ്ധ്യാത്മിക ഭൗതികവാദത്തെയും കൈയ്യൊഴിഞ്ഞ് പൊതുവേദിയിൽ ഇസ്ലാമിക ലോകവീക്ഷണം പ്രസംഗിച്ച് സിപിഎം നേതാവ് ടി കെ ഹംസ. കോഴിക്കോട് നടന്ന പൊതുയോഗത്തിലായിരുന്നു ഹംസയുടെ ഇസ്ലാമിക പ്രഭാഷണം.
അള്ളാഹു പറഞ്ഞയച്ച സാത്താനാണ് കൊറോണ. നമ്മെ ശരിയാക്കാനാണ് അത് വന്നിരിക്കുന്നത്. നമ്മെ നന്നാക്കാതെ അത് ഈ ലോകം വിട്ടു പോകില്ല. ഹംസ പറഞ്ഞു.
വഖഫ് ബോർഡ് ചെയർമാൻ കൂടിയായ ഹംസയുടെ വാക്കുകൾ സിപിഎമ്മിന്റെ ഇസ്ലാമിക പ്രീണന നയത്തിന്റെ ഭാഗമാണ് എന്നാണ് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. വഖഫ് ബോർഡ് നിയമന വിവാദത്തിൽ ഇസ്ലാമിക സമൂഹത്തെ കൂടെ നിർത്തുന്നതിന്റെ ഭാഗമായുള്ള പ്രീണന പ്രസംഗമാണ് ഇതെന്ൻ ഇവർ ചൂണ്ടിക്കാട്ടുന്നു.
അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളായി സിപിഎം മാറിയതായി മാധ്യമപ്രവർത്തകൻ റോയ് മാത്യു ദേശീയ മാധ്യമത്തോട് പറഞ്ഞു. 2006ൽ സിപിഎം എം എൽ എമാരായ എം എം മോനായിയും ഐഷ പോറ്റിയും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഇരു നേതാക്കളെയും തിരുത്തുകയും പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു. എന്നാൽ 2021ൽ വീണ ജോർജ്ജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആരും ഒരക്ഷരം മിണ്ടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.









