മുംബൈ: മഹാരാഷ്ട്രയിലെ വാർധയിൽ ഉണ്ടായ വാഹനാപകടത്തിൽ 7 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30നായിരുന്നു അപകടം. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായമായി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വിദ്യാർത്ഥികൾ സഞ്ചരിച്ച കാറിന് മുന്നിലേക്ക് ഏതോ കാട്ടുമൃഗം എടുത്ത് ചാടിയതാണ് അപകടകാരണം എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വാഹനം ഓടിച്ചിരുന്ന വിദ്യാർത്ഥി ബ്രേക്ക് ചവിട്ടിയതോടെ നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു.
തിറോറ മണ്ഡലത്തിലെ ബിജെപി എം എൽ എ വിജയ് രഹാംഗ്ഡെയുടെ മകൻ അവിഷ്കാറും സുഹൃത്തുക്കളുമാണ് അപകടത്തിൽ പെട്ടത്. നീരജ് ചൗഹാൻ, നിതേഷ് സിംഗ്, വിവേക് നന്ദൻ, പ്രത്യുഷ് സിംഗ്, ശുഭം ജെയ്സ്വാൾ, പവൻ ശക്തി എന്നിവരാണ് മരിച്ച മറ്റ് വിദ്യാർത്ഥികൾ.








