കോഴിക്കോട്: മാതൃഭൂമി ന്യൂസ് ചാനലില്‍ നിന്നും രാജിവെച്ച് ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയാ വണ്‍ ചാനലില്‍ എത്തിയ സ്മൃതി പരുത്തിക്കാടിനെതിരെ തീവ്രമുസ്ലീം നിലപാടുകാരുടെ സൈബര്‍ ആക്രമണം. ഇന്നലെ രാത്രി ഒന്‍പതിന് ചാനലിലെ ചര്‍ച്ച നടത്തിയത് സ്മൃതിയായിരുന്നു. സാരി ഉടുത്തും പൊട്ടുകുത്തിയും ജമാഅത്തെ ഇസ്ലാമിയുടെ ചാനലില്‍ സ്മൃതി പ്രത്യക്ഷപ്പെട്ടതാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ ചാനലില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ഫേസ്ബുക്കില്‍ കമന്റുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്മൃതിക്ക് ഒരു തട്ടമിട്ടുകൂടെയെന്നും ഇവര്‍ ചോദിക്കുന്നു. അവര്‍ മറ്റു ചാനലുകളില്‍ ഫോര്‍മല്‍ ഡ്രസുകളിലാണ് വരുന്നത്. ഇന്ന് ഉത്സവത്തിന് പോയിട്ട് വന്നതു പോലെയുണ്ടെന്നും ചിലര്‍ കുറിക്കുന്നു. വസ്ത്രത്തില്‍ ഇമാന് ഇല്ല. സ്മൃതിയുടെ വാര്‍ത്തയില്‍ അതുകാണണമെന്നും ചിലര്‍ കമന്റായി അഭിപ്രായം പറഞ്ഞിട്ടുണ്ട്. മീഡിയാ വണ്ണിന്റെ ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും കടുത്ത സ്ത്രീവിരുദ്ധ കമന്റുകളാണ് സ്മൃതിക്കെതിരെയുള്ളത്. തീവ്ര ഇസ്ലാമിസ്റ്റുകളുടെ പല അധിക്ഷേപങ്ങളും സ്ത്രീത്വത്തിന് എതിരാണ്.
മാതൃഭൂമി ന്യൂസ് എഡിറ്ററായിരുന്ന സ്മൃതി പരുത്തിക്കാട് കഴിഞ്ഞ ആഴ്ച്ചയാണ് മീഡിയാ വണ്ണില്‍ എത്തിയത്. മീഡിയ വണ്‍ ചാനലില്‍ നിന്നും അഭിലാഷ് മോഹന്‍ അടുത്തിടെ മാതൃഭൂമി ന്യൂസിലേക്ക് പോയിരുന്നു. അതിനു പിന്നാലെയാണ് മീഡിയവണ്ണിലേക്ക് സ്മൃതി ചേക്കേറിയത്. കൈരളി, ഇന്ത്യാവിഷന്, മനോരമ എന്നീ ചാനലുകളില്‍ ജോലിചെയ്തതിന് ശേഷമാണ് സ്മൃതി മാതൃഭൂമിയിലേക്ക് എത്തിയത്.
Discussion about this post