മുംബൈ: കൊവിഡ് പരിശോധനക്കെന്ന പേരിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ലാബ് ടെക്നീഷ്യന് പത്ത് വർഷം തടവ് ശിക്ഷ. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. യുവതിയെ തെറ്റിദ്ധരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കിയാണ് പ്രതി കൃത്യം നടത്തിയത്.
യുവതിയുടെ പരാതിയിൽ 2020 ജൂലെെ 30 നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അമരാവതിയിലെ ഒരു മാളിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പേരിൽ എല്ലാ ജീവനക്കാരോടും ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് യുവതി ലാബിലെത്തിയത്.
യുവതിക്ക് പോസിറ്റീവ് ആണെന്നും കൂടുതൽ പരിശോധനകൾക്കായി സ്വകാര്യ ഭാഗത്തുനിന്ന് സ്രവം എടുക്കണമെന്നും ലാബ് ടെക്നീഷ്യൻ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പ്രതിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ സ്ത്രീ സംഭവം തന്റെ സഹോദരനെ അറിയിച്ചു. സഹോദരൻ ഒരു ഡോക്ടറോട് സംസാരിച്ചതോടെയാണ് ലാബ് ടെക്നീഷ്യൻ കുടുങ്ങിയത്.
സ്വകാര്യ ഭാഗത്ത് നിന്നും സ്രവം എടുക്കുന്ന ഒരു പരിശോധന ലോകത്തെവിടെയും നിലവിൽ ഇല്ലെന്ന് ഡോക്ടർ അറിയിച്ചു. വിദഗ്ധാഭിപ്രായങ്ങൾ സ്വീകരിച്ച കോടതി പീഡനക്കുറ്റത്തിന് പ്രതിയെ പത്ത് വർഷത്തേക്ക് ശിക്ഷിക്കുകയായിരുന്നു.








