ഡൽഹി: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ ടിപിആര്‍ നിരക്കും രോഗികളുടെ എണ്ണവും കൂടുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം തന്നെയാണ് ഒന്നാമത്.
രാജ്യത്തെ ആകെ കേസുകളുടെ 24.68 ശതമാനവും കേരളത്തിലാണ്. വീക്കിലി പോസിറ്റിവിറ്റി നിരക്കും കേരളത്തില്‍ കൂടുതലാണെന്നും 47 ശതമാണിതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കേരളാ മോഡലിനെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂക്ഷമായി വിമര്‍ശിച്ചു.
കോവിഡ് മരണം കൂട്ടിച്ചേര്‍ത്തതുമായി ബന്ധപ്പെട്ട പിഴവാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയത്. ഒക്ടോബര്‍ മുതല്‍ ഇതുവരെ 24,730 രേഖപ്പെടുത്താത്ത മരണങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. മരണം കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
കേരളവും മിസോറാമും ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കോവിഡ് കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും ഇടിവ് രേഖപ്പെടുത്തുന്നതായും ലവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ മേഖലകളിൽ സജീവ കോവിഡ് കേസുകളില്‍ സ്ഥിരമായ കുറവും കുറയുന്ന പ്രതിദിന പോസിറ്റിവിറ്റി നിരക്കും അണുബാധയുടെ വ്യാപനത്തിന്റെ കുറവ് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post