കൊവിഡ് ബാധ നിമിത്തം മത്സരങ്ങൾ മാറ്റി വെക്കപ്പെട്ടതും തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയതും മറന്ന് മികച്ച പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ 2–1ന് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് മടങ്ങി വരവ് ആഘോഷമാക്കിയത്. ജോർജ് ഡയസും, അൽവാരോ വാസ്‌കസുമാണ് ബ്ലാസ്റ്റേഴ്സിന്റെ സ്കോറർമാർ.
ഇന്നത്തെ ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. 13 കളിയിൽ 23 പോയിന്റാണ് നിലവിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം.
62–ാം മിനിറ്റിൽ ജോർജ്ജ് ഡയസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത്. 82ആം മിനിറ്റിലാണ് വാസ്കസ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത്. ഇർഷാദാണ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടിയത്.
ആയുഷ് അധികാരി രണ്ട് മഞ്ഞക്കാർഡ് വഴങ്ങി പുറത്തായതിനെ തുടർന്ന് പത്തു പേരുമായാണ് ബ്ലാസ്‌റ്റേഴ്‌സ് അവസാന 20 മിനിറ്റുകൾ കളിച്ചത്. ഫെബ്രുവരി പത്തിന് ജംഷഡ്‌പൂർ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.
Discussion about this post