ക്വെറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വെറ്റയിൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഖനിയിലെ മോശം സുരക്ഷാ സംവിധാനം അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.
മീഥേൻ വാതകം അമിതമായി ഖനിക്കുള്ളിൽ തങ്ങി നിന്നതാണ് സ്ഫോടനത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം മാർച്ചിൽ മാർവയിൽ ഉണ്ടായ സമാനമായ സ്ഫോടനത്തിൽ ആറ് ഖനി തൊഴിലാളികൾ മരിച്ചിരുന്നു. ക്വെറ്റയിൽ 2018ൽ ഉണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു.2011ൽ ബലൂചിസ്ഥാനിലെ ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 43 തൊഴിലാളികളാണ് മരിച്ചത്.
അപകടങ്ങൾ തുടർക്കഥയായിട്ടും ഖനികളിലെ സുരക്ഷ വർദ്ധിപ്പിക്കാൻ കൂട്ടാക്കാത്ത പാകിസ്ഥാൻ സർക്കാരിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.
Discussion about this post