ബംഗലൂരു: ക്ലാസ്സ് റൂമിൽ ഹിജാബ് ധരിക്കാൻ അനുവാദം നൽകാനാവില്ലെന്ന് കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ കർണാടക ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അഡ്മിഷൻ സമയത്ത് തന്നെ യൂണിഫോമുമായി ബന്ധപ്പെട്ട് എല്ലാ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും അറിയിപ്പ് നൽകിയിരുന്നതായി സർക്കാർ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ക്യാമ്പസിനുള്ളിൽ ഹിജാബ് ധരിക്കുന്നത് പെരുമാറ്റ ചട്ടലംഘനമാണ്. ഈ വിഷയത്തിൽ പരിശോധന നടത്താൻ ഒരു ഉന്നതതല സമിതിയെ നിയോഗിക്കാൻ തീരുമാനം ആയിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാൻ അനുവദിക്കണം എന്ന് സത്യവാങ്മൂലത്തിൽ സർക്കാർ ആവശ്യപ്പെടുന്നു.
ഭരണഘടനയിൽ പറയുന്ന ദേശീയോദ്ഗ്രഥനം കാത്ത് സൂക്ഷിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതേതരമായി നിലനിൽക്കണം. ഇത്തരത്തിൽ ഒരു ഡ്രസ് കോഡ് ഏർപ്പെടുത്തുന്നത് ഒരു തരത്തിലുമുള്ള മൗലികാവകാശ ലംഘനമായി കാണാനാവില്ല. മറിച്ച്, യൂണിഫോം ഐക്യത്തിന്റെ പ്രതീകമാകുകയും മതാത്മിക വ്യക്തിത്വത്തിന്റെ പേരിലുള്ള വേർതിരിവ് ഇല്ലാതാക്കുകയും ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
Discussion about this post