ബംഗലൂരു: സ്ത്രീകൾക്ക് ബിക്കിനിയും ഹിജാബും എന്തും ധരിക്കാനുള്ള അവകാശമുണ്ടെന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയുടെ വിവാദ ട്വീറ്റിൽ വിശദീകരണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സി ടി രവി. പ്രിയങ്ക സ്കൂളിൽ പോയിരുന്നത് യൂണിഫോം ധരിച്ചാണോ അതോ ബിക്കിനി ധരിച്ചാണോ എന്ന് അദ്ദേഹം ചോദിച്ചു.
ഹിജാബ് ധരിക്കണോ ബിക്കിനി ധരിക്കണോ എന്നത് പെൺകുട്ടികളുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കാൻ സാധിക്കില്ല. സ്കൂളിൽ പോകുമ്പോൾ യൂണിഫോം ധരിക്കുക തന്നെ വേണം. പ്രിയങ്ക പറയുന്ന പ്രകാരം ബിക്കിനി ധരിച്ച് ആർക്കെങ്കിലും സ്കൂളിൽ പോകാൻ സാധിക്കുമോ? നിങ്ങൾക്ക് ബീച്ചിൽ പോകുമ്പോൾ ബിക്കിനി ധരിക്കാം. വീട്ടിൽ നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. എന്നാൽ സ്കൂളിൽ അത് സാധ്യമല്ലെന്ന് സി ടി രവി പറഞ്ഞു.
ജാതി- വർഗ്ഗ ഭേദം അകറ്റി നിർത്താനാണ് യൂണിഫോം ഉപയോഗിക്കുന്നത്. ശരീഅത്ത് നിയമത്തിൽ ബുർഖ ധരിക്കാൻ പറഞ്ഞിരിക്കുന്നത് കൊണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഡ്യൂട്ടി സമയത്ത് അത് ധരിക്കാൻ സാധിക്കുമോ? സാമാന്യ യുക്തി ഇല്ലാതെ കാര്യങ്ങൾ നോക്കിക്കാണരുതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ചിക്കമംഗലൂർ എം എൽ എയുമായ സി ടി രവി പറഞ്ഞു.
Discussion about this post