ഹസാരിബാഗ്: ഝാർഖണ്ഡിൽ സരസ്വതീ പൂജ കഴിഞ്ഞ് മടങ്ങിയ സംഘത്തിന് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. ഹേമന്ദ് സോറൻ സർക്കാരിന്റെ പ്രീണന രാഷ്ട്രീയമാണ് അക്രമികൾക്ക് ഇതിനുള്ള പ്രേരണ നൽകിയതെന്ന് ബിജെപി നേതാവ് ബാബുലാൽ മറാൻഡി ആരോപിച്ചു. രൂപേഷ് പാണ്ഡെ എന്ന പതിനേഴ് വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.
രൂപേഷിനെ വളഞ്ഞ നാലംഗ അക്രമി സംഘം യുവാവിനെ ബോധരഹിതനായി വീഴുന്നത് വരെ മർദ്ദിക്കുകയായിരുന്നു. ഫെബ്രുവരി 6നായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയതോടെ ഹസാരിബാഗിൽ 37 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരുന്നു.
കൊഡേമയിൽ അന്നേ ദിവസം തന്നെ നടന്ന മറ്റൊരു അക്രമ സംഭവത്തിൽ അക്രമികൾ സരസ്വതീ പൂജ കഴിഞ്ഞു മടങ്ങിയ പത്തംഗ സംഘത്തെ വളഞ്ഞിട്ട് ആക്രമിച്ചു. ആക്രമണത്തിൽ 6 വയസ്സുള്ള കുട്ടിക്കും പരിക്കേറ്റു. സംഭവത്തിന് ഉത്തരവാദികളായ മതമൗലികവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് ബിജെപി വ്യക്തമാക്കി.
Discussion about this post