മലപ്പുറം: മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിലായി. എസ് ഡി പി ഐ പ്രവർത്തകനായ തേഞ്ഞിപ്പലം പളളിക്കല്‍ സ്വദേശി മുജീബ് റഹ്മാനേയാണ് മലപ്പുറം കൊണ്ടോട്ടി കരിപ്പൂരിലെ എസ്ഡിപിഐ നേതാവിന്‍റെ വീട്ടില്‍ കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ മൂന്ന് പ്രതികൾ ഒളിവിലാണ്.
സംഭവത്തിൽ പുളിക്കല്‍ ചെറുകാവ് കോഡംവീട്ടില്‍ നൗഷാദ്, പളളിക്കല്‍ റൊട്ടിപ്പീടിക പുളളിശേരിക്കുണ്ട് മുസ്തഫ, പളളിക്കൽ ബസാര്‍ ചാലോടി സഹീര്‍ എന്നിവരാണ് അറസ്റ്റിലായത്. മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ മുജീബ് റഹ്മാനെ സ്വന്തം വീടിനു മുന്നില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. രണ്ടാഴ്ചക്കു ശേഷം മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം മുജീബ് റഹ്മാന്‍റെ വീട്ടില്‍ അര്‍ധരാത്രി ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം. പ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറയുന്നു. അറസ്റ്റിലായവരെ പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.












