കൊല്‍ക്കത്ത : ഇന്ത്യന്‍ പര്യടനത്തിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും തോല്‍പ്പിച്ച ഇന്ത്യ രണ്ടാമത്തെ പരമ്പരയും സ്വന്തമാക്കി. ഇന്നലെ രണ്ടാം ട്വന്റിയില്‍ വിന്‍ഡീസിനെ എട്ടു റണ്‍സിന് കീഴടക്കിയ ഇന്ത്യ മൂന്ന് മത്സരപരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തുകയായിരുന്നു. നേരത്തേ ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരിയിരുന്നു.
ഇന്നലെ ഈഡന് ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസിന്റെ മറുപടി 178/3 ല്‍ അവസാനിക്കുകയായിരുന്നു. മുന്‍ നായകന് വിരാട് കൊഹ്ലിയുടെയും (52) വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെയും (52) അര്‍ദ്ധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നല്‍കിയത്. വെങ്കിടേഷ് അയ്യര്‍ 33 റണ്‍സെടുത്തപ്പോള്‍ 19 റണ്‍സ് എക്സ്ട്രാസായി ലഭിച്ചു. വിന്‍ഡീസിനായി റോവ്മാന്‍ പവല്‍(68*),നിക്കോളാസ് പുരാന് (62) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.
രോഹിത് ശര്‍മ്മയ്ക്കൊപ്പം ഓപ്പണിംഗിനിറങ്ങിയ ഇഷാന് കിഷനെ (2) രണ്ടാം ഓവറില്‍ത്തന്നെ കോട്ടെറെല്‍ മടക്കി അയച്ചിരുന്നു. തുടര്‍ന്ന് ഇപ്പോഴത്തെ ക്യാപ്ടനും മുന്‍ ക്യാപ്ടനും ക്രീസിലൊരുമിച്ചതോടെ ഇന്ത്യ ഏഴാം ഓവറില്‍ 50 കടന്നു. രണ്ട് ഫോറും ഒരു സിക്സുമടക്കം 18 പന്തുകളില്‍ 19 റണ്‍സടിച്ച രോഹിതിനെ എട്ടാം ഓവറില്‍ ചേസ് ആണ് പുറത്താക്കിയത്. പകരമിറങ്ങിയ സൂര്യകുമാര്‍ യാദവ് (8) പത്താം ഓവറില്‍ ചേസിന് റിട്ടേണ്‍ ക്യാച്ച് നല്കി മടങ്ങി. റിഷഭ് പന്തിനെക്കൂട്ടിയാണ് കൊഹ്ലി അര്‍ദ്ധസെഞ്ച്വറി തികച്ചത്. 14-ാം ഓവറില്‍ ചേസ് തന്നെ വിരാടിനും മടക്ക ടിക്കറ്റ് നല്കി. 41 പന്തുകള്‍ നേരിട്ട വിരാട് ഏഴുഫോറും ഒരു സിക്സുമടിച്ചു. തുടര്‍ന്ന് റിഷഭ് വെങ്കിടേഷിനെയും കൂട്ടി അതിവേഗത്തില്‍ സ്കോര്‍ ഉയര്‍ത്തി.28 പന്തുകളില്‍ ഏഴുഫോറും ഒരു സിക്സുമാണ് റിഷഭ് പായിച്ചത്.18 പന്തുകള്‍ നേരിട്ട വെങ്കിടേഷ് നാലുഫോറും ഒരു സിക്സുമടിച്ചു.
മറുപടിക്കിറങ്ങിയ വിന്‍ഡീസിന് ആദ്യ പത്തോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെടുക്കാനായിരുന്നു. പവലും പുരാനും ചേര്‍ന്ന് വിജയത്തിലെത്തിക്കും എന്ന് തോന്നിപ്പിച്ചപ്പോഴാണ് 19-ാം ഓവറില്‍ പുരാനെയെ ഭുവനേശ്വര്‍ പുറത്താക്കിയത്. ഇതോടെ വിന്‍ഡീസിന്റെ താളം തെറ്റുകയായിരുന്നു.
അതേസമയം മൂന്നാം ട്വന്റി-20 ഞായറാഴ്ച നടക്കും.
Discussion about this post