ഇടുക്കി: പൊന്മുടി ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിനെതിരെ സിപിഐ. സംഭവം ഗൗരവമുള്ളതാണെന്നും ചില കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് പറഞ്ഞു. ഹൈഡല്‍ ടൂറിസവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പ് നടത്തുമ്പോള്‍ ചര്‍ച്ചയും കൂടിയാലോചനയും നടത്തണമായിരുന്നുവെന്നും ശിവരാമൻ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
വിഷയം ഗൗരവമുള്ളതാണെന്നും ആ നിലയിലാണ് സിപിഐ വിഷയത്തെ സമീപിക്കുന്നതെന്നും ശിവരാമൻ പറഞ്ഞു. റവന്യൂ പുറമ്പോക്ക് എന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്കിയ ഭൂമി രാജക്കാട് സര്‍വീസ് സഹകരണ സംഘത്തിന് കെഎസ്ഇബി പാട്ടത്തിന് നല്‍കിയത് അതീവഗൗരവമുള്ളതാണ്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് കാര്യത്തെ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആളുകളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാമായിരുന്നു. കെഎസ്ഇബിക്ക് അവരുടെ ആവശ്യത്തിന് നല്കിയ ഭൂമി ആവശ്യത്തിന് ശേഷം ബാക്കിയുണ്ടെങ്കില്‍ അത് റവന്യൂ വകുപ്പിന് തിരിച്ച് നല്‍കുകയാണ് വേണ്ടത്. അത്തരം കാര്യങ്ങള്‍ പരിശോധിക്കുകയെന്ന ഉത്തരവാദിത്വം ഗവണ്മെന്റിനുണ്ടെന്നും ശിവരാമൻ ഓർമ്മിപ്പിച്ചു.
Discussion about this post