ഡല്‍ഹി: ഉക്രെയ്ന് വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെടിനിര്‍ത്തല്‍ അടിയന്തരമായി ഉണ്ടാകണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം.
ഉക്രെയ്നുമായി ബന്ധപ്പെട്ട സൈനിക നടപടിയെ കുറിച്ച് പുടിന് പ്രധാനമന്ത്രി മോദിയോട് വിശദീകരിച്ചു. റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയുമുള്ള സംഭാഷണങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്ന് മോദി പുടിനെ ധരിപ്പിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഉക്രെയ്നിലെ ഇന്ത്യന്‍ പൗരന്മാരുടെ പ്രത്യേകിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും പ്രധാനമന്ത്രി പങ്കുവെച്ചു. അവരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിന് ഇന്ത്യ മുന്‍ഗണന നല്‍കുന്നുവെന്നും മോദി പുടിനെ അറിയിച്ചു. കാലിക വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടെ നയതന്ത്ര സംഘങ്ങളും മറ്റ് ഉദ്യോഗസ്ഥരും ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളുടെ നേതാക്കളും പരസ്പരം സമ്മതിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്നില് കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങിയിട്ടുണ്ട്.
Discussion about this post