ഡല്‍ഹി: സ്വകാര്യ നാലുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്ക് ധരിക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞ് ഡല്‍ഹി സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
‘പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാതിരിക്കുന്നത് നിയമലംഘനം ആണെങ്കിലും സ്വകാര്യ നാല് ചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്ക് ധരിക്കേണ്ടതില്ല. പ്രസ്തുത വിജ്ഞാപനത്തിലെ ഈ വ്യവസ്ഥ പ്രകാരമുള്ള പിഴ 28.02.2022 മുതല്‍ സ്വകാര്യ ഫോര്‍ വീലര്‍ വാഹനത്തില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ബാധകമല്ല,’ – ഡിഡിഎംഎ (ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി) ഉത്തരവില്‍ പറയുന്നു.
കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക്, അത് ഇനി ഒരാള്‍ ആയാല്പോലും മാസ്ക് ധരിക്കണമെന്ന് ഉത്തരവ് ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഡെല്‍ഹി ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി. രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു, തലസ്ഥാനത്തെ എല്ലാ സ്കൂളുകളോടും ഏപ്രില്‍ മുതല്‍ ഫിസിക്കല്‍ ക്ളാസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്കി.
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 2000 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. 440 കേസുകളാണ് ശനിയാഴ്ച ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 0.83% ആയി കുറഞ്ഞു.
Discussion about this post