ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 184 റണ്‍സ് തേടിയുള്ള ബാറ്റിങ് 17-ാം ഓവറില്‍ തന്നെ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ കേവലം ഒരു റണ്ണും ഇഷാന് കിഷന് 16 റണ്‍സും നേടി പുറത്തായപ്പോള്‍ ടീം ഇന്ത്യ അപകടം ഭയന്നു. എന്നാല്‍ പിന്നീട് വന്ന ശ്രേയസ് അയ്യര്‍ (74), മലയാളി താരം സഞ്ജു സാംസണ് (39), രവീന്ദ്ര ജഡേജ (45) എന്നിവര്‍ തകര്‍ത്തടിച്ചതോടെ വിജയം സ്വന്തമാവുകയായിരുന്നു.
ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരുടെ മികവിലാണ് ശ്രീലങ്ക തരക്കേടില്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തിയത്. പതും നിസ്സന്‍ങ്ക 75 ഉം ധനുഷ്ക ഗുണതിലക 38 ഉം റണ്‍സ് നേടി ടീമിന് മികച്ച അടിത്തറ പാകി. പിന്നീട് വന്ന ചരിത അസ്ലങ്ക, കാമില്‍ മിശ്ര, ദിനേഷ് ചാണ്ഡിമല്‍ എന്നിവരെല്ലാം ഒറ്റയക്കത്തില്‍ പുറത്തായി. 47 റണ്‍സുമായി ദാസുന്‍ ഷനക പുറത്താകാതെ നിന്നു. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റ് നേടി തൃപ്തിപ്പെടേണ്ടി വന്നു. ഓപ്പണര്‍മാരുടെ വിക്കറ്റ് നേടി വഴിത്തിരിവ് സൃഷ്ടിച്ചത് രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറുമാണ്.
ധര്‍മശാലയിലെ ഇന്നത്തെ വിജയത്തോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു ലോകറെക്കോര്‍ഡ് നേടിയിരിക്കുകയാണ്. സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയം നേടിയ നായകനെന്ന നേട്ടമാണ് രോഹിതിനെ തേടിയെത്തിയത്. 17 മത്സരങ്ങളില്‍ നിന്നായി 16 വിജയമാണ് രോഹിതിന് കീഴില്‍ ഇതോടെ ഇന്ത്യ നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഇയാന്‍ മോര്‍ഗനും ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്യംസണും 15 വിജയങ്ങളുമായി തൊട്ടു പുറകിലുണ്ട്.
ഇന്ത്യന്‍ ക്യാപ്റ്റന്മാര്ക്കിടയില് രോഹിതിന് കോഹ്ലിയേക്കാള് മൂന്നും ധോണിയേക്കാള്‍ ആറും വിജയങ്ങള്‍ സ്വന്തം തട്ടകത്തില്‍ സ്വന്തമാക്കാനായിട്ടുണ്ട്. ടി20 ക്യാപ്റ്റനായി കരിയറിലാകെ 25 മത്സരങ്ങളില്‍ 23 വിജയങ്ങള്‍ രോഹിത് നേടിയിട്ടുണ്ട്. തുടര്‍ച്ചയായ 11ാം വിജയവും തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയവും ഇന്നത്തെ മത്സരത്തോടെ 2021 നവംബര്‍ മുതല്‍ സ്ഥിരം നായകനായ ഹിറ്റ് മാന്റെ കീഴില്‍ ഇന്ത്യക്ക് നേടിയിരിക്കുകയാണ്.
Discussion about this post